ജനമനസ് സംവാദം
വികസനം എണ്ണിപ്പറഞ്ഞ് വീണ; വീണിടത്തുരുണ്ട് അബിൻ

പത്തനംതിട്ട
വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ്. അജ്ഞത നടിച്ച് പിടിച്ചുനിൽക്കാൻ ശ്രമിച്ച് യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി. പത്തനംതിട്ട പ്രസ്‌ക്ലബ് സംഘടിപ്പിച്ച ‘ജനമനസി’ലായിരുന്നു നെല്ലും പതിരും തിരിച്ചറിഞ്ഞ സംവാദം. ആറന്മുളയിലേത് രാഷ്‌ട്രീയ പോരാട്ടമാണെന്നും വികസനോന്മുഖ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ 2100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. 80 റോഡുകളാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പൂർത്തിയായത്. സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗമുള്ള സർക്കാർ ആശുപത്രികൾ മണ്ഡലത്തിന്റെ ഭാഗമായതും ഇക്കാലയളവിലാണ്. പത്തനംതിട്ട നഗരത്തിൽനിന്ന് സർക്കാർ സ്ഥാപനങ്ങൾ ആകെ മറ്റിടങ്ങളിലേക്ക് മാറ്റികൊണ്ടിരുന്ന സാഹചര്യം മാറി. നഗരത്തിൽതന്നെ വനിതാ പൊലീസ് സ്‌റ്റേഷനും പൊലീസ് കൺട്രോൾ റൂമും തുറന്നു. കോടതിക്കായി സ്ഥലമേറ്റെടുത്തു. ആഞ്ഞിലിമൂട്ടിൽകടവ് പാലം, മണ്ണാകടവ് പാലം, വയറപ്പുഴ പാലം, കോഴഞ്ചേരി പാലം തുടങ്ങിയ പാലങ്ങൾ ആറന്മുളയുടെ മുഖഛായ തന്നെ മാറ്റി– വീണാ ജോർജ് വ്യക്തമാക്കി. തുടർന്ന് സംസാരിച്ച അബിൻ വർക്കിക്ക് വാഗ്‌ദാനങ്ങൾ മാത്രമാണ് നിരത്താനുണ്ടായിരുന്നത്. അതെങ്ങനെയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ഉത്തരവുമില്ലായിരുന്നു. എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ തന്റെ പ്രതിനിധിയായി അഡ്വ. കെ ഹരിദാസിനെയാണ് സംവാദത്തിന് വിട്ടത്.










0 comments