പത്തനംതിട്ട നഗരസഭ അധ്യക്ഷ
ഭാര്യമാർക്കായി ചരടുവലിച്ച് കോൺ. നേതാക്കൾ

ആർ രാജേഷ്
Published on Dec 18, 2025, 12:05 AM | 2 min read
പത്തനംതിട്ട
പത്തനംതിട്ട നഗരസഭ അധ്യക്ഷപദവി ഭാര്യമാർക്ക് ഉറപ്പിക്കാൻ ചരടുവലിച്ച് കോൺഗ്രസ് നേതാക്കൾ. കെപിസിസി ജനറൽ സെക്രട്ടറി പി മോഹൻരാജും ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ്‌കുമാറുമാണ് ഇതിനായി കരുക്കൾ നീക്കുന്നത്. മോഹൻരാജിന്റെ ഭാര്യ ആശ മോഹൻരാജ് ജയിച്ചത് 19–ാം വാർഡിൽനിന്നാണ്. തർക്കം നിലനിന്നിരുന്ന വാർഡിൽ അധ്യക്ഷപദവി ലക്ഷ്യമിട്ട് സസ്‌പെൻസ് സ്ഥാനാർഥിയായാണ് ആശയെ കൊണ്ടുവന്നത്. 13–ാം വാർഡിൽനിന്ന് വിജയിച്ച സുരേഷ്‌കുമാറിന്റെ ഭാര്യ ഗീത സുരേഷ് മുൻ നഗരസഭ അധ്യക്ഷ കൂടിയാണ്. രമേശ് ചെന്നിത്തലയും ശശി തരൂരുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ച് മോഹൻരാജ് അധ്യക്ഷപദവി ഭാര്യയ്‌ക്ക് സ്വന്തമാക്കാൻ നീക്കം തുടങ്ങിയതോടെ സുരേഷ്‌കുമാറും ഉന്നത നേതൃത്വത്തെ വിഷയത്തിൽ ഇടപെടുത്താൻ ശ്രമമാരംഭിച്ചു. അധ്യക്ഷപദവിക്ക് അവകാശവാദവുമായി ജില്ലയിലെ രണ്ടു പ്രമുഖ നേതാക്കൾ രണ്ടുതട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ മൂന്നാമതൊരാളെ രംഗത്തിറക്കി തലയൂരാനാണ് ഡിസിസിയുടെ നീക്കം. 27–ാം വാർഡിൽനിന്ന് ജയിച്ച സിന്ധു അനിലിന്റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം. രമേശ് ചെന്നിത്തലയുടെ നോമിനിയായ സിന്ധു അനിൽ നാലാംതവണയാണ് കൗൺസിലറാകുന്നത്. അതിനിടെ ഏറ്റവുമധികം ഭൂരിപക്ഷം നേടി ഒന്പതാം വാർഡിൽനിന്ന് വിജയിച്ച അംബിക വേണുവിന് ഒരു ടേം നൽകണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്. 20ന് ചേരുന്ന കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ഡിസിസി നേതൃത്വത്തിന്റെ വിശദീകരണം. അടൂർ നഗരസഭയിൽ അധ്യക്ഷയായി റീന സാമുവലിന്റെ പേര് ഏതാണ്ട് ഉറപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിന്റെ നോമിനിയായ റീന നഗരസഭ കൗൺസിലിലെ മുതിർന്ന അംഗംകൂടിയാണ്.
കോൺഗ്രസിന് ‘ഉപകാരമായി’ തിരുവല്ലയിലെ സാഹചര്യം
പത്തനംതിട്ട
അധികാരത്തർക്കം വേട്ടയാടുന്പോൾ തിരുവല്ല നഗരസഭയിലെ സാഹചര്യം കോൺഗ്രസിന് ‘ഉപകാര’മാകുന്നു. യുഡിഎഫ് ഇവിടെ അധികാരത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസേതര കക്ഷിയുടെ പ്രതിനിധി അധ്യക്ഷയാകുന്നത് ഇതാദ്യം. അധ്യക്ഷസ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. വിജയിച്ചവരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസിന് ഇൗ വിഭാഗത്തില്‍നിന്ന് ആളില്ല. ഉള്ളത് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനും മുസ്ലിം ലീഗിനും മാത്രം. എസ് ലേഖയാണ് കേരള കോണ്‍ഗ്രസ് പ്രതിനിധി. വിദ്യ വിജയന്‍ ലീഗിന്റേയും. ആകെ എട്ടംഗങ്ങൾ കേരള കോണ്‍ഗ്രസിന് ഉണ്ടെന്നിരിക്കെ എസ് ലേഖയ്‌ക്കാണ് സാധ്യത. ഒരംഗം മാത്രമുള്ള ലീഗിനെ അവസാനവർഷം പരിഗണിക്കുമെന്നാണ് സൂചന.










0 comments