‘പാരഡി’യായി രാഹുലിന്റെ പര്യടനം

പത്തനംതിട്ടയിലെ പൊതുപരിപാടി വേദിയിൽ രാഹുൽ ഗാന്ധിക്കൊപ്പം ശബരിമല സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയെ സോണിയ ഗാന്ധിയുടെ വസതിയിലെത്തിച്ചെന്ന് ആരോപണവിധേയരായ ആന്റോ ആന്റണിയും അടൂർ പ്രകാശും
ആർ രാജേഷ്
Published on Mar 31, 2026, 12:05 AM | 1 min read
പത്തനംതിട്ട
വികസനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ‘പാരഡി’യായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജില്ലയിലെ പര്യടനം. നട്ടുച്ചനേരത്ത് പത്തനംതിട്ടയിലെത്തിയ രാഹുൽ, ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് പ്രസംഗത്തിലുടനീളം ശ്രമിച്ചത്. ഈ ഒരൊറ്റവരിയിൽനിന്ന് തെരഞ്ഞെടുപ്പിന്റെ മൂഡ് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകുമെന്ന് പറഞ്ഞ് വിവാദമായ ‘പോറ്റിയെ കേറ്റിയെ’ പാരഡി പാടി പ്രവർത്തകരെ കൈയിലെടുക്കാൻ ശ്രമിച്ചത് ചിരിപടർത്തി. ആദ്യവരി ഒഴിവാക്കി സ്വർണ്ണം കട്ടവനാരപ്പാ.. നിങ്ങളുടെ സ്വർണം കട്ടവൻ ആരൊക്കെ... എന്നുപാടിയപ്പോൾ പലരും കരുതി രാഹുൽ ഗാന്ധിക്ക് തെറ്റിയെന്ന്. എന്നാൽ വേദികണ്ടപ്പോഴാണ് രാഹുലിന് അങ്ങനെയേ പാടാൻ കഴിയുള്ളൂവെന്ന് എല്ലാവർക്കും മനസിലായത്. പോറ്റിയെ അതീവ സുരക്ഷാവലയത്തിലുള്ള സോണിയ ഗാന്ധിയുടെ ഡൽഹിയിലെ ഒൗദ്യോഗിക വസതിയായ ജനപഥിൽ എത്തിച്ച എംപിമാർ വേദിയിൽ. അതെ, ആന്റോ ആന്റണിയെയും അടൂർ പ്രകാശിനെയും കണ്ട് അവർ പറഞ്ഞു; വെറുതേ പാരഡി പാടേണ്ടിയിരുന്നില്ലെന്ന്.
എവിടെ പോയാലും ക്ഷേത്രങ്ങളെക്കുറിച്ച് പറയുന്ന നരേന്ദ്ര മോദി കേരളത്തിൽ എത്തിയപ്പോൾ ശബരിമലയെക്കുറിച്ച് പറയാൻ മറന്നുപോയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്വർണമോഷണക്കേസിൽ എല്ലാവരെയും ശിക്ഷിക്കുമെന്ന് പറഞ്ഞപ്പോൾ, ഹൈക്കോടതി നിരീക്ഷണത്തിൽ കുറ്റമറ്റ നിലയിൽ അന്വേഷണം പുരോഗമിക്കുന്ന കേസിന്റെ കാര്യമാണോയെന്ന് വേദിയിലുണ്ടായിരുന്ന നേതാക്കൾക്കു പോലും സംശയം. ‘എന്ത് തേങ്ങയീ പറയുന്നത്’ എന്നതായിരുന്നു അവരുടെ മുഖഭാവം. പിന്നീട് വാഗ്‌ദാന പെരുമഴയായിരുന്നു. ക്ഷേമ പെൻഷൻ 3000 ആക്കുമെന്ന് പറഞ്ഞപ്പോൾ എന്തായാലും കൊടുക്കേണ്ടി വരില്ല, അന്നാൽ പിന്നെ 5000 ആക്കാമായിരുന്നുവെന്നായിരുന്നു സദസിന്റെ ‘വികാരം’. നാലു മണ്ഡലങ്ങൾ ചേർന്നാണ് പത്തനംതിട്ടയിലെ രാഹുലിന്റെ പൊതുപരിപാടി. അടൂരിലായിരുന്നു ആദ്യ യോഗം.










0 comments