ad
Deshabhimani

"ഞങ്ങളെ നയിക്കാൻ ഒറ്റ എൻജിൻ മതി'

Photo

തിരുവല്ല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി തോമസിന് നിരണം കിഴക്ക് നൽകിയ സ്വീകരണം

avatar
ആർ രാജേഷ്‌

Published on Apr 01, 2026, 12:05 AM | 2 min read

തിരുവല്ല
വെയിൽ താഴുന്നതേയുള്ളൂ. കൊയ്ത്തുകഴിഞ്ഞ തോട്ടുമട പാടശേഖരത്തോടു ചേർന്നുള്ള നിരണം പഞ്ചായത്തുമുക്ക് ജങ്ഷനിൽ ആളും ആരവവും. മലങ്കര സുറിയാനി കത്തോലിക്ക പള്ളിയും നിരണം കുഞ്ഞൻ സ്‌മൃതിമണ്ഡപവുമൊക്കെ ചരിത്രത്തിന്റെ ഭാഗമായ ഇവിടെ തടിച്ചുകൂടിയവർക്കൊല്ലാം ഒറ്റലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. നാടിനെ വികസനവഴിയിൽ കൈപിടിച്ച തങ്ങളുടെ മാത്യു ടിയെ കാണണം, കേൾക്കണം, വികസനം തുടരാൻ പിന്തുണ അറിയിക്കണം. പറഞ്ഞുനിൽക്കാൻ സമയമില്ല. അതാ വരുന്നു, തുറന്ന ജീപ്പിൽ മാത്യു ടി. നാസിക്ക് ഡോളിന്റെയും മുദ്രാവാക്യം വിളിയുടെയും പ്രകമ്പനം. ഒപ്പം വെട്ടിക്കെട്ടും മുഴങ്ങി. ഉത്സവ പ്രതീതി നിറഞ്ഞ അന്തരീക്ഷത്തിൽ ഹൃദ്യമായ വരവേൽപ്.
​"പ്രിയപ്പെട്ടവരെ, രണ്ടര പതിറ്റാണ്ടത്തെ എന്റെ പൊതുജീവിതം നിങ്ങളോടൊപ്പം തന്നെയായിരുന്നു. നാടിനെ ഇന്നുകാണുന്ന നാടാക്കാൻ, ദുരന്തമുഖങ്ങളിൽ നിങ്ങൾക്കൊപ്പം ചേർന്നുനിൽക്കാൻ എനിക്കവസരമുണ്ടായി. നിങ്ങളുടെ വിയർപ്പാണ് എന്റെ ശക്തി. നമുക്കിനിയും മുന്നോട്ട്‌ പോകേണ്ടതുണ്ട്. അതിനൊപ്പം നിൽക്കണം'–- മാത്യു ടി പറഞ്ഞുനിർത്തിയില്ല. കരഘോഷവും ഹസ്‌തദാനവുമായി അവർ ചുറ്റുംകൂടി.
​മറ്റ്‌ സ്വീകരണകേന്ദ്രങ്ങളിലും സമാന അനുഭവം. അതെ, നിരണത്തുകാർക്ക് മാത്യു ടിയെക്കുറിച്ച് പറയാൻ ഏറെയുണ്ട്. അതിന്റെ പ്രതിഫലനമാണീ കാണുന്നതൊക്കെയും. അദ്ദേഹം ഇവിടേക്ക് കടന്നുവന്ന വഴി നിങ്ങൾ കണ്ടോ. കടപ്ര- വീയപുരം ലിങ്ക് ഹൈവേ. 1973ൽ യുഡിഎഫ് ഉപേക്ഷിച്ചുപോയ പദ്ധതിയാണ്. 2006ൽ വിഎസ് സർക്കാരിന്റെ കാലത്താണ് എംഎൽഎയായിരുന്ന മാത്യു ടി തോമസിന്റെ മുൻകൈയിൽ അതിന് പുതുജീവൻ വച്ചത്. പുനർനിർമിച്ച റോഡ് പിന്നീട് പ്രളയം കവർന്നു. പ്രകൃതിക്ഷോഭത്തെയും അതിജീവിക്കാൻ കരുത്തുള്ള റോഡാക്കി മാറ്റാൻ 28 കോടി രൂപയാണ് അനുവദിച്ചത്. ബിഎം ബിസി നിലവാരത്തിൽ പുനർനിർമാണം ഇന്ന് അവസാനഘട്ടത്തിലാണ്. പ്രളയകാലത്ത് വെള്ളത്തിലിറങ്ങി അവർക്ക് ആവശ്യമായതൊക്കെയും എത്തിച്ചു നൽകാൻ മന്ത്രിക്കുപ്പായം അദ്ദേഹത്തിന് തടസമായില്ല. കോവിഡ് മഹാമാരിയിലും അവർക്കൊപ്പമുണ്ടായിരുന്നു. സർക്കാർ സഹായം കൂടാതെ സമാന്തരമായി 38 ലക്ഷം രൂപയുടെ മരുന്നുകളാണ് സന്നദ്ധസംഘടനകൾ വഴി എത്തിച്ചുനൽകിയത്. ഇവിടെയൊരുക്കിയ കമ്യൂണിറ്റി കിച്ചൻ സംസ്ഥാനത്തുതന്നെ മാതൃകയായി. ഇതെല്ലാം നിരണത്തുകാർ കണ്ടതല്ലേ. അനുഭവിച്ചറിഞ്ഞതല്ലേ.
അവർ ഉറക്കെ പറയുന്നു; "മാറുന്ന നാടിന് മാറ്റം വേണമെന്ന് പറയുന്നത് പിന്നോട്ടു നയിക്കാനാണ്. ഞങ്ങൾക്ക് വേണ്ടത് പിന്നോട്ടുകൂടി കൊണ്ടുപോകാൻ കഴിയുന്ന ഡബിൾ എൻജിനുള്ളവരേയല്ലാ. ഞങ്ങൾക്കാവശ്യം നാടിനെ മുന്നോട്ട് നയിക്കാൻ കെൽപ്പുള്ള ഒറ്റ എൻജിനായ മാത്യു ടിയെയാണ്'. കുറുമ്പേശ്വരത്തുനിന്നായിരുന്നു ചൊവ്വാഴ്ച പര്യടനത്തിന് തുടക്കം. രാത്രി വൈകി കല്ലുങ്കൽ ജങ്ഷനിൽ സമാപിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home