കിഫ്‌ബി പദ്ധതിയിൽ യാഥാർഥ്യമായി
പഴക്കത്തിൽ ഒന്നാമത്, നിലവാരത്തിലും

സ്വന്തം ലേഖിക
Published on Dec 02, 2025, 09:38 PM | 1 min read
പത്തനംതിട്ട
കോന്നി മണ്ഡലത്തിലെ മൂന്ന് പ്രധാന റോഡുകളെ ബന്ധിപ്പിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിച്ച മുറിഞ്ഞകൽ– -അതിരുങ്കൽ– -പുന്നമൂട്– കൂടൽ–- രാജഗിരി റോഡ് ജില്ലയിലെ അത്യാധുനിക നിലവാരമുള്ള റോഡുകളുടെ പട്ടികയിലെ പ്രധാനിയാണ്.
കിഫ്‌ബി അനുവദിച്ച 15 കോടി രൂപ വിനിയോഗിച്ചായിരുന്നു 5.5 മീറ്റർ വീതിയിൽ 14.53 കിലോമീറ്റർ റോഡ് നിർമിച്ചത്. ജില്ലാ പാതകളായ മുറിഞ്ഞകൽ–-- അതിരുങ്കൽ, അതിരുങ്കൽ–-- പുന്നമൂട്, കൂടൽ-–-രാജഗിരി എന്നീ മൂന്ന് റോഡുകൾ ബന്ധിപ്പിച്ച് കടന്നുപോകുന്നതാണ്. പത്തനംതിട്ട – പത്തനാപുരം റോഡിന് സമാന്തരമായി കലഞ്ഞൂർ പഞ്ചായത്തിലെ കിഴക്കൻ മേഖലകളിലൂടെ പോകുന്ന പാതയാണിത്. ബ്രിട്ടീഷുകാരുടെ കാലത്ത് വനവിഭവങ്ങൾ ശേഖരിക്കാൻ നിർമിച്ച കൂപ്പ് റോഡുകളായിരുന്നു ഇവയെല്ലാം. വലിയ കയറ്റങ്ങളും വളവുകളും ഇടുങ്ങിയ കലുങ്കുകളും കാലപ്പഴക്കം ചെന്ന പാലങ്ങളുമായിരുന്നു റോഡിലുണ്ടായിരുന്നത്. നവീകരണത്തിന്റെ ഭാഗമായി കാലപ്പഴക്കം ചെന്ന കലുങ്കുകളും പാലങ്ങളും പുതുക്കിപ്പണിതു.
പ്രധാന സംസ്ഥാനപാതയായ പുനലൂർ–--മൂവാറ്റുപുഴ റോഡിലെ കൂടൽ ജങ്‌ഷനിൽനിന്നും മുറിഞ്ഞകൽ ജങ്‌ഷനിൽനിന്നും ഈ റോഡിലേക്ക് പ്രവേശിക്കാം. തോട്ടം തൊഴിലാളികൾക്കും മറ്റ് പ്രദേശവാസികൾക്കും പാടം, മാങ്കോട് എന്നീ മലയോരഗ്രാമങ്ങളിലേക്ക് എളുപ്പത്തിൽ എത്താനും റോഡ് സഹായിക്കും.








0 comments