വികസന ‘പക്ഷംപിടിച്ച്’ പത്തനംതിട്ട

ആർ രാജേഷ്
Published on Nov 11, 2025, 12:05 AM | 1 min read
പത്തനംതിട്ട
പന്പാനദിയും മണിമല, അച്ചൻകോവിലാറുകളും ജലസമൃദ്ധമാക്കുന്ന പത്തനംതിട്ടയിന്ന് വികസനകാര്യത്തിലും അഭിവൃദ്ധിയുടെ പടികയറുകയാണ്. തെക്കൻ മലയോരജില്ലയെ മുന്നേറ്റപാതയിൽ കൈപിടിച്ച് എൽഡിഎഫ് സർക്കാരും പ്രാദേശിക ഗവൺമെന്റുകളും. എൽഡിഎഫ് സർക്കാരിന്റെ ഒന്പതര വർഷത്തെ തുടർച്ചയായ കരുതലും കൈത്താങ്ങും തദ്ദേശസ്ഥാപനങ്ങളുടെ കർമപദ്ധതികളും നാടിനെ വികസനപക്ഷത്ത് ചേർത്തുപിടിക്കുന്നു. ‘ലൈഫിൽ’ 14,500 വീടാണ് ഉയർന്നത്. അതിൽ 70 എണ്ണം അതിദാരിദ്ര്യ പട്ടികയിൽപ്പെട്ടവർക്കായിരുന്നു. മലയോര ഹൈവേ, നിലയ്‌ക്കൽ കുടിവെള്ള പദ്ധതി, രാജ്യത്താകെ മാതൃകയായ കുന്നന്താനം മാലിന്യ സംസ്‌കരണപ്ലാന്റ്, കോന്നി മെഡിക്കൽ കോളേജ്, കൊടുമൺ സ്‌റ്റേഡിയം, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത്‌ലാബ്, ബഹുനില സ്‌കൂൾ മന്ദിരങ്ങൾ, പെരുന്തേനരുവി ജലവൈദ്യുതപദ്ധതി തുടങ്ങി നാടിന്റെ മുഖച്ഛായ മാറ്റിയ വികസനപ്രവൃത്തികൾ നിരവധിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് കാഹളമുയർന്നതോടെ പത്തനംതിട്ടയും മനസുതുറക്കുകയാണ്; ഇടതുപക്ഷത്തുറച്ച മനസ്.
ജില്ലാ പഞ്ചായത്തിലും ബ്ലോക്കു പഞ്ചായത്തുകളിലും നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലുമെല്ലാം എൽഡിഎഫിനാണ് ഭൂരിപക്ഷം. 16 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തിൽ 12ഉം ഇടതുപക്ഷത്തിനൊപ്പമാണ്. നാലെണ്ണമാണ് യുഡിഎഫിനൊപ്പം. എട്ട് ബ്ലോക്കുപഞ്ചായത്തിൽ ഏഴും എൽഡിഎഫ് ഭരിക്കുന്നു. യുഡിഎഫിന് ഒരെണ്ണം മാത്രമാണുള്ളത്. ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫിനുതന്നെയാണ് മേൽക്കൈ. 53ൽ 33. 16 എണ്ണത്തിൽ യുഡിഎഫും നാലെണ്ണത്തിൽ ബിജെപിയുമാണ്. നാല് നഗരസഭകളിൽ രണ്ടിലും എൽഡിഎഫാണ് ഭരിക്കുന്നത്. യുഡിഎഫിനും ബിജെപിക്കും ഓരോന്നുവീതവും.
പുതിയ കണക്കനുസരിച്ച് ജില്ലയിൽ 10,54,752 വോട്ടർമാരാണുള്ളത്. പള്ളിക്കൽ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ – 37,424. കുറവ് തുന്പമണ്ണിലും– 6733. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് പുനർവിഭജനത്തിൽ 57 വാർഡാണ് ജില്ലയിൽ വർധിച്ചത്. 1042 എന്നത് 1099 ആയി. ഗ്രാമപഞ്ചായത്തിൽ 45 (788– 833)ഉം ബ്ലോക്കിൽ എട്ടും (106– 114) ജില്ലാ പഞ്ചായത്തിൽ ഒന്നും (16– 17) നഗരസഭകളിൽ മൂന്നും (132– 135) വാർഡാണ് കൂടിയത്.









0 comments