ad
Deshabhimani

പോരിൽ പൊള്ളി കോൺഗ്രസ്‌

ആദ്യപട്ടികയിൽ ആറന്മുളയില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ആർ രാജേഷ്‌

Published on Mar 11, 2026, 12:05 AM | 1 min read

പത്തനംതിട്ട

സമാനതകളില്ലാത്ത നിലയിൽ കോൺഗ്രസിൽ പോര്‌ കടുത്തതോടെ ആറന്മുള മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം എങ്ങുമെത്താതെ നീളുന്നു. കെപിസിസി എഐസിസിക്ക് കൈമാറിയ 60 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയിൽ ആറന്മുളയില്ല. എന്നാൽ ദിവസങ്ങൾക്കുമുന്പ്‌ മാത്രം ചർച്ച തുടങ്ങിയ അടൂരിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥിയായി നിശ്‌ചയിച്ചു. എഐസിസിക്ക്‌ നൽകിയ ആദ്യപട്ടികയിൽ രമ്യയുടെ പേരുണ്ട്‌.

ജില്ലയ്‌ക്കു പുറത്തുനിന്ന്‌ ആളെ കെട്ടിയിറക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തിനെതിരെ ഒരുവിഭാഗം ഡിസിസി നേതാക്കൾ തന്നെ രംഗത്തിറങ്ങിയതാണ്‌ ആറന്മുളയിലെ സ്ഥാനാർഥി നിർണയം അനിശ്‌ചിത്വത്തിലാക്കിയത്‌. ബലാത്സംഗക്കേസ്‌ പ്രതി രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായിയും യൂത്ത്‌ കോൺഗ്രസ്‌ അഖിലേന്ത്യാ സെക്രട്ടറിയുമായ അബിൻ വർക്കിയെ ഇവിടെ സ്ഥാനാർഥിയാക്കാനായിരുന്നു ആലോചന. ആഭ്യന്തര പോര്‌ തെരുവിലെത്തിയതോടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌, കേന്ദ്ര വർക്കിങ്‌ കമ്മിറ്റിയംഗം രമേശ്‌ ചെന്നിത്തല എന്നിവരടക്കം പ്രശ്‌നത്തിൽ ഇടപെട്ടിരിക്കുകയാണ്‌. അബിൻ വർക്കിക്കെതിരെ ഡിസിസി ഓഫീസിലും ആറന്മുളയിൽ വ്യാപകമായും പോസ്‌റ്റർ പ്രചരിപ്പിച്ചതിൽ കെ സി വേണുഗോപാൽ അതൃപ്‌തി രേഖപ്പെടുത്തിയെങ്കിലും സ്ഥാനാർഥിയെ സംബന്ധിച്ച്‌ വിട്ടൊന്നും പറയാത്തത്‌ എതിർവിഭാഗത്തിന്‌ പ്രതീക്ഷ നൽകുന്നു. സഭാ നേതാക്കളെയും മറ്റും നേരിൽകണ്ട് അബിൻ വർക്കി വോട്ടുചോദിച്ചു തുടങ്ങിയതോടെയാണ്‌ ഡിസിസി നേതാക്കൾ നിലപാട്‌ കടുപ്പിച്ചത്‌. ഇതിന്റെ ഭാഗമായി 12 പേരടങ്ങുന്ന പത്തനംതിട്ടയിൽനിന്നുള്ള നേതാക്കളുടെ സംഘം ആലപ്പുഴയിലും തിരുവനന്തപുരത്തുമെത്തി മുതിർന്ന നേതാക്കളെ കണ്ട്‌ തങ്ങളുടെ വിയോജിപ്പ്‌ അറിയിച്ചിരുന്നു.

അതേസമയം അടൂരിൽ സ്ഥാനാർഥിയെ നിശ്‌ചയിച്ചത്‌ ഏകകണ്‌ഠമായിരുന്നില്ലെന്ന്‌ ഒരുവിഭാഗം പറയുന്നു. പ്രാദേശിക വികാരം മാനിക്കാതെയുള്ള തീരുമാനം കോൺഗ്രസിന്റെ കുഴിതോണ്ടും. നേതൃത്വം ഇതിന്‌ മറുപടി പറയേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ്‌ നൽകുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home