രാഹുൽ വഞ്ചനയുടെ ആൾരൂപം എംഎൽഎ സ്ഥാനം രാജിവെക്കണം: ഡിവൈഎഫ്‌ഐ

രാഹുലിന്റെ രാജി ആവശ്യപ്പെട്ട് അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടയുന്നു
പത്തനംതിട്ട
രാഹുൽ മാങ്കൂട്ടത്തിൽ തന്റെ എംഎൽഎ സ്ഥാനം രാജിവെച്ച് ജനാധിപത്യത്തിനേറ്റ കളങ്കം മാറ്റണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പീഡനത്തിന്റെയും വഞ്ചനയുടെയും ആൾരൂപമാണ് രാഹുൽ മാങ്കൂട്ടമെന്ന് പുറത്ത് വരുന്ന ലജ്ജിപ്പിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്.
വിവാഹ വാഗ്ദാനം നൽകി ഒരു പെൺകുട്ടിയെ പീഡിപ്പിക്കുകയും ഗർഭിണിയാകുമ്പോൾ ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തിരിക്കുകയാണ് യുവ എംഎൽഎ. ഗർഭസ്ഥശിശുവിനെ പോലും കൊല്ലാൻ പറയാൻ തക്കവണ്ണം മനഃസാക്ഷിയില്ലാത്ത ക്രൂരനാണ് രാഹുൽ. യുവജനങ്ങളെ നയിക്കുന്നതിലല്ല വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി പ്രസിഡന്റ് ആകുന്നതിലും പെൺകുട്ടികളെ ചതിക്കുന്നതിലുമാണ് രാഹുൽ കഴിവ് തെളിയിച്ചത്. പാലക്കാട് മണ്ഡലത്തിലെ സ്ത്രീകൾ എംഎൽഎ ഓഫീസിൽ എങ്ങനെ വിശ്വസിച്ച് പോകുമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ ചോദിച്ചു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെച്ച് ജനാധിപത്യത്തിനേറ്റ കളങ്കം മാറ്റണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.









0 comments