ബിജെപിയുടെ മുതലെടുപ്പ് രാഷ്‌ട്രീയം അംഗീകരിക്കില്ല: ഡിവൈഎഫ്‌ഐ

പത്തനംതിട്ട
ചെന്നീർക്കരയിലെ വൃദ്ധസദനത്തിൽ കുട്ടികൾക്ക് മർദനമേറ്റ സംഭവം മുതലെടുത്ത് ആരാധനാ കേന്ദ്രങ്ങൾക്ക് എതിരായ ബിജെപി–സംഘപരിവാർ അതിക്രമം അംഗീകരിക്കില്ലെന്ന് ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ല ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഞായറാഴ്ച ഓമല്ലൂരിലെ പ്രാർഥനാ കേന്ദ്രത്തിലേക്ക് അതിക്രമിച്ചുകയറി സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികളെ ആക്രമിച്ച ബിജെപി സമീപനം അത്യന്തം പ്രതിഷേധാർഹമാണ്. ഭരണഘടന പൗരൻമാർക്ക് നൽകുന്ന അവകാശങ്ങളെ ആക്രമിച്ചില്ലാതാക്കാം എന്ന വ്യാമോഹം കേരളത്തിൽ വിലപോവില്ല. ബിജെപി ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് അക്രമണം അരങ്ങേറിയത് എന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പുരോഹിതൻമാരും കന്യാസ്ത്രീകളും നേരിടുന്ന ന്യൂനപക്ഷ ആക്രമണങ്ങൾ കേരളത്തിലും പരീക്ഷിക്കാനുള്ള ആർഎസ്എസ് പരിശ്രമത്തിന് ഒത്താശ ചെയ്യുന്ന സമീപനമാണ് വി ഡി സതീശൻ സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്.
ചെന്നീർക്കര പഞ്ചായത്തിലുണ്ടായ സംഭവത്തിന്റെ മറവിലാണ് കേസുമായി ഒരു ബന്ധവും ഇല്ലാത്തവർക്കുമേൽ അതിക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനോ നിയമനടപടികൾ സ്വീകരിക്കുന്നതിന് തയ്യാറാവാത്ത പൊലീസിന്റെയും സർക്കാരിന്റെയും സമീപനം ആർഎസ്എസ് ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം അനീഷ്‌കുമാർ, സെക്രട്ടറി വിഷ്‌ണു ഗോപാൽ, ട്രഷറർ അമൽ ഏബ്രഹാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments