print edition നീറ്റ് പുനഃപരീക്ഷ എഴുതിയവരുടെ എണ്ണം പുറത്തുവിടണം: എസ്‌എഫ്‌ഐ


സ്വന്തം ലേഖകൻ
Published on Jun 23, 2026, 01:01 AM | 1 min read
ന്യൂഡൽഹി : നീറ്റ് പുനഃപരീക്ഷയിൽ ഹാജരായ വിദ്യാർഥികളുടെ കൃത്യമായ എണ്ണം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തുവിടണമെന്ന് എസ്‌എഫ്‌ഐ. മേയിൽ നടന്ന നീറ്റ് യുജി പരീക്ഷയിൽ 22 ലക്ഷത്തോളം വിദ്യാർഥികളാണ് ഹാജരായത്. എന്നാൽ 20 ലക്ഷത്തോളം പേർ മാത്രമാണ് പുനഃപരീക്ഷയ്‌ക്ക് ഹാജരായത്. പുനഃപരീക്ഷ എഴുതാൻ അപേക്ഷിച്ച വിദ്യാർഥികളുടെ എണ്ണവും പരീക്ഷയ്‌ക്കെത്തിയവരുടെ എണ്ണവും തമ്മിൽ വൈരുധ്യങ്ങളുണ്ട്.
കോയമ്പത്തൂരിലെ കേന്ദ്രത്തിൽ പുനഃപരീക്ഷയ്‌ക്ക് രജിസ്‌റ്റർ ചെയ്‌ത 7092 വിദ്യാർഥികളിൽ 1728 പേർ ഹാജരായിട്ടില്ല. തിരുച്ചിയില്‍ ആദ്യ പരീക്ഷയെഴുതിയ 1799 പേർ പുനഃപരീക്ഷയെഴുതിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. രണ്ട് ലക്ഷത്തോളം വിദ്യാർഥികൾ എവിടെപ്പോയെന്ന ആശങ്ക ഉയരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയ സംഭവം ലക്ഷകണക്കിന് വിദ്യാർഥികളെയും കുടുംബങ്ങളെയും ദുരിതത്തിലാക്കി.
20 വിദ്യാർഥികൾ ആത്മഹത്യചെയ്‌തു. വിദ്യാർഥികൾ ഹാജരാകാതിരുന്നതിനെക്കുറിച്ച് ചോദ്യങ്ങളുയരണമെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽസെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ എന്നിവർ പറഞ്ഞു.








0 comments