നാട്ടുകല
നന്തുണിയുടെ തോഴൻ

പ്രിയേഷ് മണ്ണമ്പറ്റ

സായൂജ് ചന്ദ്രൻ
Published on Jun 23, 2026, 01:03 AM | 1 min read
പാലക്കാട്
ഫോട്ടോഗ്രാഫറായ പ്രിയേഷ് മണ്ണമ്പറ്റയുടെ മനസ്സിൽ ഓർമവച്ച കാലംമുതൽ ആഴത്തിൽ പതിഞ്ഞ ചിത്രം നന്തുണിയുടേതാണ്. ചെത്തിമിനുക്കിയ മരപ്പലകയിലെ തന്ത്രികളുടെ നാദം ജീവശ്വാസവും. ശ്രീകൃഷ്ണപുരം സ്വദേശിയായ പ്രിയേഷിന്റെ നന്തുണിപ്പാട്ടിന് ഭഗവതിക്കാവുകളിൽ ആരാധകരേറെ. ഉപജീവനത്തിനായി ഫോട്ടോഗ്രാഫറുടെ കുപ്പായമണിയേണ്ടി വന്നെങ്കിലും പരമ്പരാഗതമായി കൈമാറിവന്ന പാട്ടിനെ കൈവിടാനൊരുക്കമല്ല. വല്ല്യച്ഛൻ കുമാരനുമാണ് ഗുരു. തറവാട്ടിലെ ക്ഷേത്രത്തിലും നാട്ടിലെ കാവുകളിലും ഇവർക്കൊപ്പം പാട്ടുകൾ പാടാൻ പോയിരുന്ന ബാല്യകാലം. മനപ്പാഠമാക്കാൻ ഏറെ പ്രയാസമുള്ള നന്തുണിപ്പാട്ട് എളുപ്പത്തിൽ പഠിച്ചെടുത്തു. കണ്ണകിയുടെയും കോവിലന്റെയും ഐതിഹ്യകഥയെ മുൻനിർത്തിയുള്ള പാട്ട് അർഥം അറിയാതെയാണ് അക്കാലത്ത് പഠിച്ചത്. പിന്നീട് കൗമാരത്തിൽ കലാരംഗത്ത് സജീവമായി. മണ്ണമ്പറ്റ എഎൽപി സ്കൂൾ, ശ്രീകൃഷ്ണപുരം യുപി സ്കൂൾ, കടമ്പഴിപ്പുറം ഹൈസ്കൂൾ, മണ്ണമ്പറ്റ വിടിബി കോളേജ്, മണ്ണാർക്കാട് യൂണിവേഴ്‌സൽ ഐടിസി എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. വൈകാതെ ഫോട്ടോഗ്രാഫറായി ജോലിയിലും പ്രവേശിച്ചു. ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളിലാണ് പാട്ടുപരിശീലനം. കാവുകളിലെ അനുഷ്ഠാന ചടങ്ങുകളിൽ മാത്രമല്ല പഞ്ചായത്ത് മേളകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം വാമൊഴിത്താളം മുഴങ്ങിയിട്ടുണ്ട്. നാടൻകലകളെ കാവുകളിൽ ഒതുക്കിനിർത്താതെ കൂടുതൽ ജനകീയമാക്കണമെന്നും അതിനായി നന്തുണിപ്പാട്ട് പുതിയ തലമുറയിലേക്ക് പകരണമെന്നുമാണ് പ്രിയേഷിന്റെ പക്ഷം. ഇതിനിടെ "നന്തുണി' എന്ന സിനിമയ്‌ക്ക് കഥയും തിരക്കഥയും രചിച്ചു. പെൈങ്കുളം ഹരിനാരായണന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളുടെയും ഭാഗമായി. മൂന്ന് വർഷംമുമ്പ് യുട്യൂബിൽനിന്ന് ഇടയ്‌ക്ക അഭ്യസിച്ചു. നിലവിൽ കലാമണ്ഡലം വിഷ്ണുവിനൊപ്പം ഓട്ടൻതുള്ളലിൽ വാദ്യക്കാരനാണ്. അച്ഛൻ: വാസു. അമ്മ: രാധ. സഹോദരി: പ്രിയ.








0 comments