ad
Deshabhimani

സൗജന്യ യൂണിഫോം വിതരണം പാതിവഴിയിൽ; തുണിയുമില്ല, കണക്കുമില്ല

uniform issue
avatar
സ്വാതി സുജാത

Published on Jun 23, 2026, 01:00 AM | 1 min read

പാലക്കാട്‌

അധ്യയനവർഷം ആരംഭിച്ച് ഒരു മാസമാകാറായിട്ടും സ്‌കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം പാതിവഴിയിൽ. ഹാൻഡ്‌ലൂം ആൻഡ്‌ ടെക്‌സ്‌റ്റൈൽസ്‌ ഡയറക്‌ടറേറ്റിന്റെ കണക്കനുസരിച്ച്‌ ഒന്നുമുതൽ ഏഴുവരെയുള്ള സർക്കാർ സ്കൂളുകളിലെയും ഒന്നുമുതൽ നാലുവരെയുള്ള എയ്ഡഡ് സ്കൂളുകളിലെയും ഉൾപ്പെടെ 8.5 ലക്ഷം കുട്ടികൾക്കായി 36.5 ലക്ഷം മീറ്റർ കൈത്തറിത്തുണിയാണ് വിതരണം ചെയ്യേണ്ടത്. എന്നാൽ, ഇതിൽ 23 ലക്ഷം മീറ്റർ തുണി മാത്രമാണ് സംസ്ഥാനത്ത്‌ ഇതുവരെ വിതരണം ചെയ്യാനായത്‌. ജൂണിൽ അഡ്മിഷൻ നേടിയ കുട്ടികളുടെ കൃത്യമായ കണക്ക്‌ ഇനിയും ക്രോഡീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഈ കണക്കുകൂടി വരുമ്പോൾ ആകെ ആവശ്യമുള്ള തുണിയുടെ അളവ് 38 ലക്ഷം മീറ്റർ ആയി ഉയർന്നേക്കും. പുതിയ കുട്ടികൾക്കുള്ള യൂണിഫോം ആഗസ്‌തോടെ മാത്രമേ വിതരണം ചെയ്യാനാകൂ. യൂണിഫോം തുണി ലഭിച്ചാലും തയ്യൽ പൂർത്തിയാക്കി എപ്പോൾ ധരിക്കാനാകുമെന്ന ആശങ്കയിലാണ്‌ വിദ്യാർഥികൾ. ​തിരുവനന്തപുരം മുതൽ എറണാകുളം വരെ ഹാൻഡ്‌ടെക്സ്, തൃശൂർ മുതൽ കാസർകോടുവരെ ഹാൻഡ്‌വീവ് എന്നീ സർക്കാർ സ്ഥാപനങ്ങൾ വഴിയാണ്‌ രണ്ട്‌ സെറ്റ്‌ യൂണിഫോമിനുള്ള തുണി നൽകുന്നത്‌. ആദ്യ ജോഡിയുടെ പാന്റും ട്രൗസറുമടങ്ങുന്ന (സ്യൂട്ടിങ്) തുണിയുടെ വിതരണം പൂർണമായി. എന്നാൽ, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഷർട്ടുകൾ, സ്കർട്ടുകൾ, ഫ്രോക്കുകൾ (ഷർട്ടിങ്) എന്നിവയ്ക്കുള്ള തുണി വിതരണം പാതിവഴിയിലാണ്‌. ആവശ്യത്തിന്‌ കൈത്തറിത്തുണി ലഭ്യമാകാത്തതാണ്‌ പ്രതിസന്ധിക്ക്‌ കാരണമായത്‌. ഇവയുടെ നിറംകൊടുക്കലിനുശേഷം മാത്രമേ വിതരണം നടക്കൂ. സാധാരണ ഏപ്രില്‍, മെയ്‌ മാസങ്ങളിലാണ്‌ സ്‌കൂളുകളില്‍ യൂണിഫോം തുണികള്‍ എത്തിക്കാറുള്ളത്. തുണിയുടെ അളവും കളർക്കോഡും നേരത്തേശേഖരിക്കും. ആസൂത്രണമില്ലായ്‌മയും ഡൈയിങ്‌ ഏജൻസികൾക്കും നെയ്‌ത്തുകാരുടെ പ്രൈമറി സൊസൈറ്റികൾക്കും തുക നൽകാത്തതുമാണ്‌ പ്രതിസന്ധിയിലാക്കിയത്‌. ഹാൻഡ്‌ടെക്സ്–ഹാൻഡ്‌വീവ് കന്പനി പ്രശ്‌നങ്ങളും കൈത്തറിത്തുണി ലഭ്യതയിൽ പ്രതിസന്ധി വർധിപ്പിച്ചു. രണ്ടാമത്തെ ജോഡിയുടെ വിതരണം പല ജില്ലകളിലും ഇപ്പോഴും ആരംഭഘട്ടത്തിലാണ്. ജൂലൈ അവസാനത്തോടെ മാത്രമേ വിതരണം പൂർത്തിയാക്കാനാകൂ എന്നാണ്‌ അധികൃതർ പറയുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home