ad
Deshabhimani

ലിഫ്‌റ്റിൽ കുടുങ്ങി വയോധികന്റെ മരണം

ചെറിയ അശ്രദ്ധ വൻ ദുരന്തമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 09, 2026, 12:05 AM | 1 min read

പത്തനംതിട്ട

കടമ്മനിട്ട കല്ലേലിയിൽ വയോധികന്റെ ദാരുണാന്ത്യത്തിന്‌ ഇടവരുത്തിയത്‌ സൂക്ഷ്‌മതക്കുറവ്‌. നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ച പിഴവുകാരണമാണ്‌ അടയ്‌ക്കമാവുങ്കൽ എ എം മാത്തുക്കുട്ടിയുടെ ജീവൻ പൊലിഞ്ഞത്‌. മാത്തുക്കുട്ടിയുടെ മക്കളും മരുമക്കളും വിദേശത്താണ്‌. കല്ലേലിക്കുസമീപത്ത്‌ മെയിൻ റോഡിൽനിന്ന്‌ ഉയരത്തിലാണ്‌ വീട്‌ നിൽക്കുന്നത്‌. താഴെ റോഡിനോടുചേർന്ന്‌ കാർപോർച്ചുണ്ട്‌. ഇതിനുള്ളിലൂടെ സ്‌ക്വയർ പൈപ്പുകളിൽ മുകളിലേക്ക്‌ നിർമിച്ച ഒരു സംവിധാനമാണ്‌ ‘ലിഫ്‌റ്റ്‌’. വൈദ്യുതിയിലാണ്‌ ഇത്‌ പ്രവർത്തിക്കുന്നത്‌. ഇത്‌ വീട്ടുമുറ്റത്ത്‌ എത്തി നിൽക്കും.

ശാരീരിക ബുദ്ധിമുട്ടുകളുള്ള മാതാപിതാക്കൾക്ക്‌ പടവുകൾ കയറിയിറങ്ങാനുള്ള പ്രയാസമൊഴിവാക്കാൻ രണ്ടുവർഷം മുന്പ്‌ സ്ഥാപിച്ചതാണ്‌ ലിഫ്‌റ്റ്‌. സാധനങ്ങളും സുഗമമായി എത്തിക്കാനാവും. ബുധനാഴ്‌ച രാവിലെ പുറത്തുപോയി മടങ്ങിവന്ന മാത്തുക്കുട്ടി കാർപോർച്ചിൽനിന്ന്‌ ലിഫ്‌റ്റിൽ കയറി മുകളിലേക്ക്‌ പോയതാണ്‌. ഇതിനിടെ തല പുറത്തേക്കിട്ട്‌ താഴേക്ക്‌ നോക്കിയതാകാം. പുറത്തെ സ്‌ക്വയർ പൈപ്പിനും ലിഫ്‌റ്റിന്റെ പൈപ്പിനുമിടിയിൽ തല കുടുങ്ങുകയായിരുന്നു. ഭാര്യ സൂസമ്മ വന്ന് നോക്കിയപ്പോഴാണ്‌ സംഭവമറിയുന്നത്‌. വെട്ടുകത്തി ഉപയോഗിച്ച് ലിഫ്‌റ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട്‌ അഗ്നിരക്ഷാസേനയെത്തി വാതിൽ പൊളിച്ചശേഷം പൈപ്പുകൾ മുറിച്ചുമാറ്റിയാണ്‌ മാത്തുക്കുട്ടിയെ പുറത്തെത്തിച്ചത്‌. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. കെഎസ്‌ആർടിസിയിൽനിന്ന്‌ വിരമിച്ച മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ്‌ വീട്ടിൽ താമസിക്കുന്നത്‌.

​നിർമാണമേഖലകളിൽ ഉപയോഗിക്കുന്ന സംവിധാനമാണ്‌ ലിഫ്‌റ്റായി ഇവിടെ ഉപയോഗിച്ചിട്ടുള്ളത്‌. ഇതിനുമുന്പും ലിഫ്‌റ്റിനുള്ളിൽ മാത്തുക്കുട്ടിയുടെ കൈ കുടുങ്ങിയിട്ടുണ്ട്‌. ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടർ വ്യാഴാഴ്‌ച സംഭവസ്ഥലം പരിശോധിക്കും. ശേഷംമാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ.

Highlights: ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടർ സ്ഥലം സന്ദർശിക്കും




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home