പ്രസിഡന്റ് തിരുന്പിവന്താച്ച്
കണ്ടംവഴിയോടി ഡിസിസി ‘എക്‌സിക്യൂട്ടീവ്’

ആർ രാജേഷ്
Published on Apr 22, 2026, 12:05 AM | 1 min read
പത്തനംതിട്ട
കോന്നിയിൽ അങ്കംകുറിക്കാൻ അധ്യക്ഷൻ പോയതക്കത്തിന് ‘അകത്തുകയറി’യവരെ ഡിസിസിയിൽനിന്ന് പുറത്തുചാടിച്ചു. എക്‌സിക്യൂട്ടീവിൽ നുഴഞ്ഞുകയറിയ ഇരുപത്തിയഞ്ചിലധികം പേരെയാണ് തെരഞ്ഞെടുപ്പ് പോരാട്ടം കഴിഞ്ഞ് മടങ്ങിയെത്തിയ അധ്യാപകൻകൂടിയായ ഡിസിസി പ്രസിഡന്റ് ‘ചെവിക്കുപിടിച്ച്’ പുറത്താക്കിയത്. പി കെ ഇക്‌ബാൽ, അജിത്ത്, അജേഷ് കോയിക്കൽ, ജോൺസൺ ഇലന്തൂർ, സജി വിളവിനാൽ, ബിജിലാൽ, സുരേഖ കോന്നി, സുരേഷ്‌ബാബു, ഗോപിനാഥപിള്ള മലയാലപ്പുഴ തുടങ്ങിയവരാണ് ‘സ്ഥാനം’ പോയവർ. ഇവരെ അവരോധിച്ചത് ആരെന്നതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലടക്കം ഇരുവിഭാഗവും തമ്മിൽ കൊന്പുകോർക്കുകയാണ്.
ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറന്പിൽ കോന്നിയിൽ യുഡിഎഫ് സ്ഥാനാർഥിയായതോടെയാണ് തർക്കമൊഴിവാക്കാൻ വൈസ് പ്രസിഡന്റുമാരായ അഡ്വ. അനിൽ തോമസ്, അഡ്വ. എ സുരേഷ്‌കുമാർ, അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്, റോബിൻ പീറ്റർ എന്നിവർക്ക് ചുമതല നൽകിയത്. തെരഞ്ഞെടുപ്പ് സമയം ഓഫീസിൽ തന്പടിച്ച ഇവർ ‘പിൻവാതിൽ നിയമനം’ നടത്തി പാർടിയിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം. ഓഫീസിൽ ചായയും ചെറുകടിയുമൊക്കെ വാങ്ങിനൽകി പലരും ഇവരുടെ കൂടെകൂടുകയായിരുന്നുവത്രെ. എന്നാൽ നാലംഗസമിതി ഇത് പൂർണമായി നിഷേധിച്ചു. ജില്ലയിലെ പാർടിയിൽ നിയമനാധികാരങ്ങളുള്ളത് ഡിസിസി പ്രസിഡന്റിന് മാത്രമാണ്. അദ്ദേഹം തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ തന്നെ ചുമതലയേറ്റിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതരായി മത്സരിച്ചവരെ ആരോടും ആലോചിക്കാതെ പാർടിയിൽ തിരിച്ചെടുത്തത് ഡിസിസി പ്രസിഡന്റാണ്. ഇതിനെതിരെ എഐസിസിക്കും കെപിസിസിക്കും പരാതി നൽകുകയും തിരിച്ചെടുത്ത ഉത്തരവ് റദ്ദാക്കിക്കുകയുമാണ് തങ്ങൾ ചെയ്‌തതെന്നും ഇവർ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments