ad
Deshabhimani

കണക്കുമില്ല, തൊപ്പിയുമില്ല

ആറന്മുളയിൽ കോൺഗ്രസ്‌ പ്രതിക്കൂട്ടിൽ

Photo
avatar
ആർ രാജേഷ്‌

Published on Apr 25, 2026, 12:05 AM | 2 min read

പത്തനംതിട്ട

തെരഞ്ഞെടുപ്പ്‌ കേളികൊട്ടുയർന്നപ്പോൾ തന്നെ സ്ഥാനാർഥിത്വത്തിനായി പിടിവലി തുടങ്ങിയ ആറന്മുളയിൽ കോൺഗ്രസ്‌ പ്രതിക്കൂട്ടിൽ. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ 15 ദിവസമായിട്ടും നിയോജക മണ്ഡലം അവലോകനയോഗം വിളിച്ചുചേർത്ത്‌ വോട്ടിങ്‌ വിഹിതം പറയാൻ സന്നദ്ധമാകാത്തതാണ്‌ സംശയങ്ങൾ ജനിപ്പിക്കുന്നത്‌. യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്‌ യുഡിഎഫ്‌ ഘടകക്ഷികളും രംഗത്തെത്തി. വിഷയം സങ്കീർണമായതോടെ ‘അങ്ങനെ യോഗം ചേരുന്ന കീഴ്‌വഴക്കമില്ലെ’ന്ന്‌ പറഞ്ഞുനിൽക്കാൻ നോക്കിയ കോൺഗ്രസ്‌, ഒടുവിൽ സ്ഥാനാർഥി ആയുർവേദ ചികിത്സയിലാണെന്നും അദ്ദേഹം വന്നിട്ടാട്ടെ യോഗമെന്ന വിചിത്ര നിലപാട്‌ സ്വീകരിച്ചിരിക്കുകയാണ്‌.

അതിനിടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി രൂപീകരിച്ച വാട്ട്‌സാപ്പ്‌ ഗ്രൂപ്പിൽ ഇതിനെ ന്യായീകരിക്കാൻ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കൺവീനർ അഡ്വ. ജോൺസൺ വിളവിനാലിന്റെ ശ്രമം ഘടകകക്ഷി നേതാക്കളെ ചൊടിപ്പിച്ചു. ജില്ലയിലെ മറ്റു നാലു മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫ്‌ നിയോജക മണ്ഡലം യോഗം വിളിച്ചുചേർക്കുകയും സാധ്യത വിലയിരുത്തുകയും ചെയ്‌തപ്പോൾ ആറന്മുളയിൽ അതിന്‌ തയ്യാറാകാത്തത്‌ അംഗീകരിക്കാൻ കഴിയില്ലെന്നാണ്‌ അവരുടെ നിലപാട്‌. കഴിഞ്ഞ നിയമസഭ‍‍, ലോക്‌സഭ തെരഞ്ഞെടുപ്പിൽ അവലോകനം നടന്നില്ലെന്ന്‌ പറയുന്നതിൽ എന്തെങ്കിലും അർഥമുണ്ടോയെന്ന്‌ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ദീപു ഉമ്മൻ ചോദിച്ചു. പത്തനംതിട്ട ലോകസ്‌ഭ മണ്ഡലത്തിൽ ഉൾപ്പെടുന്നതല്ലേ റാന്നി, കോന്നി, അടൂർ, തിരുവല്ല മണ്ഡലങ്ങൾ. അവിടെ യോഗം ചേർന്ന്‌ കാര്യങ്ങൾ വിലയിരുത്തിയില്ലേ. ചീഫ്‌ ഇലക്ഷൻ ഏജന്റും വാർറൂമടക്കം പ്രവർത്തിച്ച ഇവിടെ അവരെ പങ്കെടുപ്പിച്ച്‌ യോഗം വിളിക്കാനെന്താ പ്രശ്‌നം. ഇവിടെ അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്ന്‌ പറയുന്നത്‌ പരിഹാസ്യമാണ്‌. മറ്റുള്ളവരെ ബോധ്യപ്പെടുത്താനെങ്കിലും യോഗം വിളിക്കുമെന്നാണ്‌ പ്രതീക്ഷ– ദീപു ഉമ്മൻ ശബ്‌ദസന്ദേശത്തിൽ പറഞ്ഞു. എന്നാൽ പതിനായിരങ്ങളുടെ ‘പൊട്ടകണക്ക്‌ നിരത്തി’ പ്രതിരോധിക്കാൻ ജോൺസൺ നടത്തിയ ശ്രമവും വിഫലമായി. കണക്ക്‌ ബൂത്തിൽനിന്ന്‌ കിട്ടിയതാണോയെന്ന ചോദ്യത്തിന്‌ നിയോജക മണ്ഡലം കൺവീനർക്ക്‌ ഉത്തരമുണ്ടായില്ല.

ആറന്മുളയിൽ സാധാരണ പ്രവർത്തകരെ രംഗത്തിറക്കാൻ കഴിയാഞ്ഞത്‌ യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തെ സാരമായാണ്‌ ബാധിച്ചത്‌. പലയിടത്തും തദ്ദേശ ജനപ്രതിനിധികളുൾപ്പെടെയുള്ളവർ ഇ‍ൗ ഘട്ടത്തിൽ ടൂർ പോയിരുന്നു. ദൈനംദിന പ്രവർത്തനങ്ങൾക്ക്‌ എറണാകുളം ജില്ലക്കാരനായ സ്ഥാനാർഥിക്ക്‌ സ്വന്തം നാട്ടിൽനിന്നും ആളെകൊണ്ടുവന്ന്‌ നഗരത്തിൽ ലോഡ്‌ജെടുത്ത്‌ താമസിപ്പിക്കേണ്ട സ്ഥിതിയുമുണ്ടായി. താഴെത്തട്ടിൽ പ്രവർത്തനമില്ലാതെ ഇങ്ങനെ പ്രതികൂല സാഹചര്യത്തിലായിരുന്നു ആറന്മുളയിലെ യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം. ഇത്‌ ഫലം വരുന്നതുവരെയെങ്കിലും ചർച്ചചെയ്യപ്പെടല്ലേ എന്ന ഉറച്ച നിലപാടിലാണ്‌ കോൺഗ്രസ്‌ നേതൃത്വം.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home