Deshabhimani

ശക്തമായി തിരിച്ചുവരും

Photo
avatar
സ്വന്തം ലേഖകൻ

Published on Oct 08, 2026, 12:05 AM | 1 min read

പത്തനംതിട്ട

ജില്ലയിലെ ഒന്നാമത്തെ പാർടിയായ സിപിഐ എം ശക്തമായി തിരിച്ചുവരുമെന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. രണ്ടുനാൾനീണ്ട വിപുലീകൃത ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്കിടയിൽ പാർടിയുടെ സ്വാധീനം വർധിപ്പിക്കുന്നതിനുള്ള നയപരിപാടികൾ തയ്യാറാക്കിയിട്ടുണ്ട്. ഭാവിയിലെ പ്രവർത്തനങ്ങൾക്കായി സംസ്ഥാന കമ്മിറ്റി മുന്നോട്ടുവച്ചിട്ടുള്ള 17 ഇന നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുക. അടിസ്ഥാനപരമായി സംഘടനയെ ശക്തമാക്കുക എന്നതാണ് പ്രധാനലക്ഷ്യം.

നാടിനെ ബാധിക്കുന്ന വിവിധ വിഷയങ്ങളെ അധികരിച്ചുള്ള അഞ്ച് പ്രമേയങ്ങൾക്കും സമ്മേളനം അംഗീകാരം നൽകി. അതിൽ ഏറ്റവും പ്രധാനമാണ്‌ ജില്ലയിലെ ഏഴു വില്ലേജുകളെ ഇഎസ്‌എ പരിധിൽപെടുത്തിയത്‌ റദ്ദാക്കണമെന്ന പ്രമേയം. വിഷയത്തിൽ യുഡിഎഫ്‌ സർക്കാർ ജനങ്ങളോട്‌ കൊടുംവഞ്ചനയാണ്‌ കാട്ടുന്നത്‌. ജില്ലയിലെ യുഡിഎഫ്‌ എംഎൽഎമാരും എംപിയും ഇക്കാര്യത്തിൽ ഇതുവരെ നിലപാട്‌ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. ഇത്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌. എൽഡിഎഫ്‌ എംഎൽഎ കെ യു ജനീഷ്‌കുമാറാണ്‌ കേന്ദ്ര പരിസ്ഥിതിമന്ത്രിയെ കണ്ട്‌ കാര്യങ്ങളുടെ ഗ‍ൗരവം ബോധ്യപ്പെടുത്തിയത്‌.

വന്യജീവി ആക്രമണം രൂക്ഷമായ ജില്ലയാണ്‌ പത്തനംതിട്ട. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന ഇ‍ൗ പ്രശ്‌നത്തിലും സർക്കാരിന്‌ നിഷ്‌ക്രിയ സമീപനമാണ്‌. ഭരണം മാറിയതോടെ പൊലീസ്‌ ഗുണ്ടകളെ പോലെയാണ്‌ പെരുമാറുന്നത്‌. അടൂരിൽ യുവാവിന്റെ ജനനേന്ദ്രിയം തകർത്ത സംഭവം ഞെട്ടിക്കുന്നതാണ്‌. കുറ്റവാളികളായ പൊലീസുകാരെ സർവീസിൽനിന്ന്‌ പുറത്താക്കണം. പ്രളയദുരിതബാധിതരോട്‌ സർക്കാർ മുഖംതിരിക്കുകയാണ്‌. അടിയന്തര സഹായം 10,000 രൂപ പ്രഖ്യാപിച്ചിട്ട്‌ അനുവദിച്ചത്‌ 5000 രൂപ മാത്രമാണ്‌. ഇതും എല്ലാവർക്കും ഇതുവരെ കൊടുത്തിട്ടില്ല. 2018ലെ പ്രളയത്തിൽ വീടിന്‌ നാശനഷ്‌ടം നേരിട്ടവർക്ക്‌ മൂന്നുലക്ഷം രൂപവരെ എൽഡിഎഫ്‌ സർക്കാർ സഹായം നൽകി. 2900 കോടി രൂപയാണ്‌ ദുരിതാശ്വാസ സഹായത്തിന്‌ അന്ന്‌ അനുവദിച്ചതെന്ന്‌ ഓർക്കണം– രാജു ഏബ്രഹാം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home