സിഐടിയു ജില്ലാ സമ്മേളന പ്രതിനിധിസമ്മേളനം തുടങ്ങി
ഇരമ്പി, രണസ്‌മരണകൾ

സിഐടിയു ജില്ലാ സമ്മേളനത്തിൻറ്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന നേതാവ് കെ സി രാജഗോപാൽ പതാക ഉയർത്തുന്നു
ആർ രാജേഷ്
Published on Sep 20, 2026, 12:05 AM | 1 min read
തിരുവല്ല
മാനവരാശിയുടെ വിമോചനത്തിനും തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾക്കുമായുള്ള പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച ധീരരക്തസാക്ഷികളുടെ സ്മരണകളിരമ്പിയ അന്തരീക്ഷത്തിൽ സിഐടിയു ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനത്തിന് ആവേശോജ്വല തുടക്കം. മുതിർന്ന നേതാവ് കെ സി രാജഗോപാലൻ രക്തപതാക ഉയർത്തിയതോടെയാണ് രണ്ടുദിവസത്തെ സമ്മേളനത്തിന് തുടക്കമായത്. തിരുവല്ല മാർക്കറ്റ് ജങ്ഷനിൽ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തി. പി ഉദയഭാനു നഗറിൽ (പാലിയേക്കര സെന്റ് ജോർജ് പാരിഷ് ഹാൾ) ചേർന്ന പ്രതിനിധിസമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നിലപാടെടുത്ത് തൊഴിലാളിവർഗത്തെ സംരക്ഷിക്കാൻ സിഐടിയുവിന് മാത്രമേ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ലോകത്താകെ തൊഴിലാളിവർഗത്തിന്റെ ചെറുത്തുനിൽപ്പ് ഉയരുകയാണ്. ഇന്ത്യയിലും അത് പ്രകടമാണെന്നും ശിവൻകുട്ടി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ അഡ്വ. ആർ സനൽകുമാർ സ്വാഗതം പറഞ്ഞു. എം ബി പ്രഭാവതി രക്തസാക്ഷിപ്രമേയവും പ്രൊഫ. കെ മോഹൻകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജി ഗിരീഷ്കുമാർ (രജിസ്ട്രേഷൻ), ജി കൃഷ്ണകുമാർ (മിനിട്സ്), പി ജെ അജയകുമാർ (പ്രമേയം), സക്കീർ അലങ്കാരത്ത് (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ സനൽകുമാർ കണക്കും അവതരിപ്പിച്ചു.
പ്രവർത്തന റിപ്പോർട്ടിൽ പൊതുചർച്ച തുടങ്ങി. സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ കെ എൻ ഗോപിനാഥ്, സി ബി ചന്ദ്രബാബു, വൈസ് പ്രസിഡന്റ് സുനിത കുര്യൻ, രാജു ഏബ്രഹാം, കെ പി ഉദയഭാനു, ആർ ഉണ്ണികൃഷ്‌ണപിള്ള എന്നിവർ പങ്കെടുക്കുന്നുണ്ട്. പൊതുചർച്ച തുടങ്ങി. സമാപനദിവസമായ ഞായറാഴ്ചയും ചർച്ച തുടരും. തുടർന്ന് മറുപടി, പ്രമേയാവതരണം, ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം എന്നിവയുമുണ്ടാകും.
വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് 350 പ്രതിനിധികളും ജില്ലാ ഭാരവാഹികളും ഉൾപ്പെടെ 400 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.









0 comments