തൊഴിൽ മേഖലയിലെ എല്ലാ പ്രതിസന്ധികളും ചർച്ച ചെയ്യും

തിരുവല്ല
സിഐടിയു സമ്മേളനം രാജ്യത്തെയും കേരളത്തിലെയും തൊഴിൽ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ സജീവമായ ചർച്ചയ്ക്ക് വിധേയമാക്കും. ആഗോളവൽക്കരണ സാമ്പത്തികനയം നടപ്പാക്കിയ ഘട്ടം മുതൽ നിരവധി വെല്ലുവിളികളാണ് ഇന്ത്യയിലെ തൊഴിലാളികൾ അഭിമുഖീകരിക്കുന്നത്. 2014-ൽ ബിജെപി അധികാരത്തിൽ വന്നതോടെ ഇന്ത്യയിലെ തൊഴിലാളിവർഗവും കർഷകരും അധ്വാനിക്കുന്ന ഇതര തൊഴിൽ മേഖലകളും കൊടിയ തൊഴിൽചൂഷണത്തിന് വിധേയമായി.
കോർപ്പറേറ്റ് താൽപര്യം മാത്രം സംരക്ഷിക്കുകയെന്ന സ്വാർഥതാൽപര്യമുള്ള ഭരണാധികാരിയായി നരേന്ദ്രമോദി മാറി. ഇതിന്റെ തുടർച്ചയാണ് 29 തൊഴിൽ നിയമങ്ങൾ നാല് ലേബർ കോഡാക്കിയത്. 2019-ൽ തൊഴിൽ നിയമഭേദഗതി പാർലമെന്റ് പാസാക്കി. ഇന്ത്യൻ തൊഴിലാളിവർഗം നടത്തിയ ചെറുത്തുനിൽപ്പിന്റെ ഫലമായി തൊഴിൽ നിയമഭേദഗതി നടപ്പാക്കാൻ കഴിയാതെ വന്നു.
എന്നാൽ നരേന്ദ്രമോദി 2025- നവംബറിൽ വിജ്ഞാപനമിറക്കി തൊഴിൽ നിയമഭേദഗതി ഇന്ത്യയിലാകെ നടപ്പാക്കി. സ്വാതന്ത്ര്യത്തിനുശേഷം ഏഴര പതിറ്റാണ്ട് പിന്നിടുമ്പോൾ ലേബർ കോൺഫറൻസുകൾ വിളിച്ചുചേർക്കാൻ തയ്യാറാകാത്ത ഏക പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറി.
കേരളത്തിൽ പുതിയതായി അധികാരത്തിൽ വന്ന വി ഡി സതീശൻ സർക്കാർ കേന്ദ്രസർക്കാർ നടപ്പാക്കിയ തൊഴിൽ നിയമഭേദഗതി കേരളത്തിൽ അതേപടി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെല്ലാം എതിരായി കക്ഷി-രാഷ്ട്രീയ, ട്രേഡ് യൂണിയൻ ഭേദങ്ങൾക്കും അതീതമായി തൊഴിലാളികളെയും സംഘടനകളുടെ ഐക്യം ഊട്ടിയുറപ്പിച്ചുള്ള പ്രക്ഷോഭങ്ങൾക്കാണ് സിഐടിയു നേതൃത്വം നൽകുന്നത്.
സമ്മേളനം വൻ വിജയമാക്കാൻ മുഴുവൻ തൊഴിലാളികളോടും സിഐടിയു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ്, സെക്രട്ടറി പി ബി ഹർഷകുമാർ എന്നിവർ അഭ്യർഥിച്ചു.








0 comments