ക്വാറി ഉൽപ്പന്ന വിലവർധന പിൻവലിക്കണം: സിഐടിയു

പത്തനംതിട്ട
ജില്ലയിൽ ക്വാറി ഉൽപ്പന്നങ്ങൾക്ക് ഏകപക്ഷീയമായി വില വർധിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിലവർധനവുമായി ബന്ധപ്പെട്ട് പ്രതിഷേധമുയർന്നപ്പോൾ കലക്‌ടർ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം ജൂൺ 20ന് വിളിച്ചുചേർത്ത് വിലവർധന മരവിപ്പിച്ചതാണ്. എന്നാൽ ക്വാറി, ക്രഷർ ഉടമകൾ വിലവർധന പിൻവലിക്കാതെ മുന്നോട്ടുപോവുകയാണ്. തീരുമാനത്തെ വെല്ലുവിളിക്കുന്ന നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല.
അമിതമായ വിലവർധനവിന്റെ ഫലമായി പല ക്വാറികളും സംഘർഷഭരിതമായിരിക്കുകയാണ്. ഇതൊരു ക്രമസമാധാന പ്രശ്നമാകുന്നു. അമിതമായ വിലക്കയറ്റം ഉൽപാദനമേഖലയിലാകെ മരവിപ്പ് സൃഷ്ടിച്ചിരിക്കുന്നു. കടുത്ത നടപടികൾ സ്വീകരിച്ച് ജില്ലാ ഭരണകേന്ദ്രം ഇവരെ നിലക്കുനിർത്താൻ തയ്യാറാകണം.
സർക്കാർ മാറിക്കഴിഞ്ഞപ്പോൾ മുതൽ കരാർ, താൽക്കാലിക തൊഴിലാളികൾ രാഷ്ട്രീയപ്രേരിതമായി പിരിച്ചുവിടൽ ഭീഷണി നേരിടുകയാണ്. 20 വർഷമായി ജോലി ചെയ്യുന്ന തൊഴിലാളികളെ പിരിച്ചുവിടുന്നത് മനുഷ്യത്വല്ല. മാത്രമല്ല പലർക്കും മറ്റൊരു ജോലിയിൽ പ്രവേശിക്കാവുന്ന പ്രായപരിധി കഴിഞ്ഞിട്ടുമുണ്ട്. പിരിച്ചുവിടലിനെതിരെ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുമുന്നിൽ സമരപരിപാടികൾ ആരംഭിക്കാനും സിഐടിയു ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് എസ് ഹരിദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ റിപ്പോർട്ടവതരിപ്പിച്ചു.











0 comments