ad
Deshabhimani

സെന്‍സസ് ഡ്യൂട്ടി തലവേദന ഒഴിയുന്നില്ല

എന്യൂമറേറ്റർമാർക്ക്‌ അന്ത്യശാസനം !

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2026, 12:05 AM | 1 min read

പത്തനംതിട്ട

അടുത്ത തിങ്കളാഴ്ചയോടെ സെൻസസ്‌ എന്യൂമറേറ്റർമാർ ആദ്യഘട്ട ഫീൽഡ്‌ പ്രവർത്തനം പൂർത്തിയാക്കണമെന്ന്‌ കലക്ടറുടെ നിർദേശം. ഡ്യൂട്ടിക്കായി എന്യൂമറേറ്റർമാർക്ക്‌ പരമാവധി 200 വീടുകളുടെ ചുമതലയാണ്‌ നൽകുകയെന്നായിരുന്നു വാദമെങ്കിലും പലർക്കും കയറിയിറങ്ങേണ്ടത്‌ 300 മുതൽ 350 വരെ വീടുകളിലാണ്‌. ഇതോടെ പണി ഇരട്ടിയാവുകയും സമയം തികയാതെ വരികയും ചെയ്തിരുന്നു.

ഇടയ്ക്കിടെ പെയ്ത കനത്ത മഴയും പ്രതിസന്ധിയായി. മഴ മാറി എന്യൂമറേറ്റർമാർ ജോലി പുനഃരാരംഭിച്ച സാഹചര്യത്തിലാണ്‌ അന്ത്യശാസനം. ജില്ലയിലെ സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം.

വിവരശേഖരണം പൂര്‍ത്തിയായവ സൂപ്പര്‍വൈസര്‍മാര്‍ കൃത്യമായി പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യണമെന്നും 20നകം സെന്‍സസ് ഫീല്‍ഡ് പ്രവര്‍ത്തനം പരമാവധി പൂര്‍ത്തിയാക്കണമെന്നുമാണ്‌ നിർദേശം. ശേഖരിച്ച വിവരങ്ങളുടെ പരിശോധന 24നുള്ളില്‍ തീര്‍ക്കണം. 25, 26 തീയതികളില്‍ വിവരങ്ങള്‍ വീണ്ടും പരിശോധിച്ച് അപാകതയുണ്ടെങ്കില്‍ തിരുത്തും.

അധ്യാപകരെ സെൻസസ്‌ ഡ്യൂട്ടിക്കായി നിയോഗിച്ചതോടെ ജില്ലയിലെ പല സ്കൂളുകളിലും അധ്യയനം മുടങ്ങിയ സാഹചര്യവുമുണ്ട്‌. ഹയർസെക്കൻഡറി സ്കൂളുകളിലടക്കം അവധി നൽകേണ്ട അവസ്ഥയുമുണ്ടായി. പഠനം മുടങ്ങാതിരിക്കാൻ താൽക്കാലിക അധ്യാപകരെ നിമയിക്കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യത്തിൽ സംസ്ഥാന സർക്കാർ അനുകൂല തീരുമാനമെടുത്തിട്ടില്ല. ഇതോടെ പലരും സ്വന്തം ചെലവിൽ അധ്യാപകരെ നിയോഗിച്ചിരിക്കുകയാണ്‌. ആഗസ്‌റ്റ്‌ 10ഓടെ ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ പാഠഭാഗങ്ങൾ ത‍ീർക്കാനാകുമോയെന്ന ആശങ്കയുമുണ്ട്‌.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home