മീൻ വളർത്തൽ ഹോബിയാക്കി ജോയി മാത്യു

വേങ്ങൂർ കൊച്ചുപുരയ്ക്കൽ താഴത്തേടത്ത് ജോയി മാത്യു മീൻകൃഷിയിൽ

സ്വന്തം ലേഖകൻ
Published on Jul 16, 2026, 12:54 AM | 1 min read
പെരുമ്പാവൂർ
മീൻ വളർത്തൽ ഉപജീവനമാർഗം മാത്രമല്ല ഹോബിയായി ജീവിതത്തോട് ചേർത്തുനിർത്തുകയാണ് വേങ്ങൂർ കൊച്ചുപുരയ്ക്കൽ താഴത്തേടത്ത് വീട്ടിൽ ജോയി മാത്യു (68). ഒരേക്കറിൽ 10,000 ൽപ്പരം മീനുകളെയാണ് വളർത്തുന്നത്. മുംബൈയിൽ പ്രതിരോധ സർവീസിൽ സീനിയർ എക്സിക്യൂട്ടീവ് എൻജിനിയറായി വിരമിച്ചശേഷം എട്ടു വർഷംമുമ്പ് മീൻ വളർത്തലിലേക്കും കൃഷിയിലേക്കും തിരിഞ്ഞു. പാടശേഖരത്തിലും കരഭൂമിയിലുമായി കുളങ്ങൾ നിർമിച്ചാണ് ശുദ്ധജലമത്സ്യം വളർത്താൻ തുടങ്ങിയത്. വരാൽ, സിലോപ്പി, ഗൗരാമി തുടങ്ങിയവയ്‌ക്കുപുറമെ ആമസോൺ നദിയിൽ കണ്ടുവരുന്ന വലിയ മത്സ്യങ്ങളിലൊന്നായ അരാപൈമയും കാഴ്ചയ്ക്കായി വളർത്തുന്നുണ്ട്. മൂന്ന് വയസ്സും അഞ്ചടി നീളവും 80 കിലോ തൂക്കവുമുള്ള മത്സ്യത്തെ കാണാൻ സന്ദർശകരുമുണ്ട്.
മീൻകുഞ്ഞുങ്ങളെ കുളത്തിലിട്ട് ഏഴ് മാസം കഴിഞ്ഞാൽ പിടിക്കാം. ഇവ ലുലുമാളിലും തമിഴ്‌നാട്ടിലുമാണ് വിറ്റഴിക്കുന്നത്. കൂടാതെ അര ഏക്കറിൽ റംബുട്ടാൻ, അബിയു, മാവ്, മാങ്കോസ്റ്റിൻ, പേര തുടങ്ങിയ ഫലവൃക്ഷങ്ങളുമുണ്ട്. മൂന്ന് ഏക്കറിൽ റബർ കൃഷിയുമുണ്ട്. വൈറ്റില പൊന്നുരുന്നിയിലാണ് താമസമെങ്കിലും കൃഷിയിടത്തിൽ ദിവസവുമെത്തും. ശുദ്ധജല മീൻകൃഷി ചെയ്യുന്നവർക്കുള്ള ജില്ലാ അവാർഡ് കഴിഞ്ഞ കാർഷികദിനത്തിൽ ജോയി മാത്യുവിന് ലഭിച്ചു. ഭാര്യ: സുഷമ (റിട്ട. പ്രധാനാധ്യാപിക). മക്കൾ: മനു, മീനു.











0 comments