ad
Deshabhimani

എൻഐടി റിപ്പോർട്ട്‌ സമർപ്പിച്ചു

ഇ എം എസ്‌ സ്റ്റേഡിയം ബലപ്പെടുത്തണം

കോഴിക്കോട് ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയം

കോഴിക്കോട് ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയം

വെബ് ഡെസ്ക്

Published on Jul 16, 2026, 01:55 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ നഗരത്തിന്റെ മുഖമായ ഇ എം എസ്‌ സ്റ്റേഡിയത്തിന്‌ കാലപ്പഴക്കംമൂലമുള്ള ബലക്ഷയം സംഭവിക്കുന്നതായി റിപ്പോർട്ട്‌. ഇത്‌ പരിഹരിക്കാൻ പതിവ്‌ പരിശോധനക്കുപുറമെ ഓരോ അഞ്ച്‌ വർഷത്തിലും സ്വകാര്യ ഏജൻസിയോ അംഗീകൃത ഏജൻസിയോ പരിശോധിക്കണമെന്നും കോഴിക്കോട്‌ എൻഐടി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കോർപറേഷൻ ആവശ്യപ്പെട്ടത്‌ പ്രകാരമാണ്‌ എൻഐടിയിലെ അസി. പ്രൊഫസർമാരായ ഡോ. എം അബ്ദുൾ അക്‌ബർ, ഡോ. എസ്‌ എസ്‌ അജീഷ്‌ എന്നിവരുടെ നേതൃത്വത്തിൽ പഠനം നടത്തിയത്‌. 1980ലാണ്‌ ഇ എം എസ്‌ സ്റ്റേഡിയം നിർമിച്ചത്‌. 30മുതൽ 50 വർഷം വരെയാണ്‌ സ്‌പോർട്സ്‌ സ്‌റ്റേഡിയങ്ങളുടെ ശരാശരി ആയുസ്‌ കണക്കാക്കുന്നത്‌. എൻജിനിയറിങ്‌ മാനദണ്ഡപ്രകാരമുള്ള പരമാവധി ആയുസിലേക്ക്‌ സ്റ്റേഡിയം അടുക്കുകയാണ്‌. പലയിടത്തും ചുവരിന്റെ തേപ്പ്‌ അടർന്നുപോവുകയും വിള്ളലുകൾ വന്നുതുടങ്ങുകയും ചെയ്തിട്ടുണ്ടെങ്കിലും കാലപ്പഴക്കത്തിന്‌ അനുസൃതമായ ബലക്ഷയം സ്റ്റേഡിയത്തിന്‌ സംഭവിച്ചിട്ടില്ല. എന്നാൽ, കാലപ്പഴക്കംമൂലമുണ്ടാകുന്ന ചില പോരായ്മകൾ കണ്ടുതുടങ്ങിയ സാഹചര്യത്തിൽ,‍ സ്റ്റേഡിയം കുറേക്കാലംകൂടി നിലനിർത്തേണ്ടതിന്‌ കൃത്യമായ പരിചരണം ആവശ്യമാണ്‌. അറ്റകുറ്റപ്പണി നടത്തുന്നതിനുപുറമെ അഞ്ച്‌ വർഷത്തിലൊരിക്കൽ ബലക്ഷമതാ പരിശോധന നടത്തേണ്ടതുണ്ട്‌. ഇ‍ൗ കാലയളവിൽ പ്രധാന പോരായ്മകൾ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ സാങ്കേതിക സഹായം തേടണം. സ്റ്റേഡിയത്തിന്റെ ഷോ വാൾ, ശുചിമുറികൾ, കൈവരികൾ, ഗാലറികളിൽ ചിലയിടങ്ങൾ എന്നിവിടങ്ങളിൽ വിള്ളലുകളുണ്ട്‌. പടിക്കെട്ടുകളിലും പലയിടത്തായി കോൺക്രീറ്റ്‌ അടർന്നിട്ടുണ്ട്‌. ഇത്തരം പോരായ്‌മകൾ അറ്റകുറ്റപ്പണി നടത്തി പരിഹരിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home