കുട്ടമ്പുഴയാറ്റിൽ കാട്ടാനക്കൂട്ടത്തിന് നീരാട്ട്

കുട്ടമ്പുഴയിൽ പുഴയിലിറങ്ങിയ കാട്ടാനക്കൂട്ടം
ജോഷി അറയ്ക്കൽ
Published on Jul 16, 2026, 02:45 AM | 1 min read
കോതമംഗലം
കുട്ടമ്പുഴ ടൗണിന് സമീപമുള്ള സത്രപ്പടി പുഴയിൽ ഇരുപതോളംവരുന്ന കാട്ടാനകളുടെ നീരാട്ട്. ബുധൻ പകൽ രണ്ടിനാണ് ആനകളെത്തിയത്. പൂയംകുട്ടി വനത്തിൽനിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം മണിക്കൂറോളം പുഴയിൽ തങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കി. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം രണ്ട് മണിക്കൂറോളം നീണ്ട നീരാട്ടിനുശേഷം കാടുകയറി.
ആനക്കൂട്ടം ടൗണിലേക്ക് എത്തുമോ എന്നതായിരുന്നു നാട്ടുകാരുടെയും കച്ചവടക്കാരുടെയും ഭീതി. കടുത്തവേനലിൽ ഇടയ്‌ക്ക് കാട്ടാനക്കൂട്ടങ്ങൾ വെള്ളം കുടിക്കാനെത്താറുണ്ടെങ്കിലും ഇത്രയെണ്ണമെത്തുന്നത് അപൂർവമാണന്ന് നാട്ടുകാർ പറയുന്നു. കാട്ടാനക്കൂട്ടങ്ങൾ ആനത്താരകൾവഴി വെള്ളം കുടിക്കുവാനുംമറ്റും ഇത്തരത്തിൽ ഇടങ്ങൾതേടി പോകുന്നത് സാധാരണയാണെന്നും ഇതിൽ അസ്വാഭാവികതയില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വനപാലകർ പറഞ്ഞു.











0 comments