ആറന്മുള എൻജിനീയറിങ് കോളേജിലും കോളേജ് ഓഫ് നഴ്‌സിങ്ങിലും
12 ജീവനക്കാരെ പിരിച്ചുവിട്ടു

സ്വന്തം ലേഖിക
Published on Oct 02, 2026, 12:05 AM | 1 min read
പത്തനംതിട്ട
കോ–ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജ്യൂക്കേഷന്റെ (കേപ്പ്) ജില്ലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് 12 പേരെ പിരിച്ചുവിട്ട് സഹകരണ വകുപ്പ്. ആറന്മുള എൻജിനീയറിങ് കോളേജ്, കോളേജ് ഓഫ് നഴ്‌സിങ് എന്നിവിടങ്ങളിലെ 12 ജീവനക്കാരാണ് യുഡിഎഫ് സർക്കാരിന്റെ നീതികേടിനിരയായത്. തുടർന്ന് ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയും ഇതിൽ ആറുപേരെ ജോലിയിൽ നിലനിർത്താൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചെന്നറിഞ്ഞതോടെ അബിൻ വർക്കി എംഎൽഎയുടെ അടക്കം നോമിനികളെ പല തസ്തികകളിലായി ദിവസങ്ങൾക്കുള്ളിൽ നിയമിക്കുകയായിരുന്നു. സർക്കാർ അധികാരത്തിലേറിയ സമയം കരാർ കാലാവധി പൂർത്തിയായ ആറ് ജീവനക്കാർക്ക് കരാർ പുതുക്കി നൽകിയില്ല. അതേസമയം ഇവരോട് ജോലിക്കുവരാനും ശമ്പളം നൽകാമെന്നും അറിയിച്ചു. അടുത്ത മാസത്തോടെ കരാർ പുതുക്കേണ്ട മറ്റ് ആറുപേരെ ജോലിയിൽ നിലനിർത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഓഫീസ് അസിസ്‌റ്റന്റ്, സെക്യൂരിറ്റി, സ്വീപ്പർ, ലാബ് അസിസ്റ്റന്റ് അടക്കം വിവിധ തസ്തികകളിൽ ജോലി ചെയ്തവരാണ് പ്രതിസന്ധിയിലായത്. കരാർ പുതുക്കി നൽകാതെ ജോലി തുടരാൻ ആവശ്യപ്പെട്ടെങ്കിലും ആറുപേരെ പിരിച്ചുവിട്ടെന്നാണ് കേപ്പ് അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചത്. ഇതോടെ എന്തുചെയ്യണമെന്നറിയാതെ ജീവനക്കാർ ഗുരുതര പ്രതിസന്ധിയിലായി. ആറുമാസം കൂടുമ്പോഴാണ് കരാർ പുതുക്കിയിരുന്നത്.
ജീവനക്കാരോട് തുടരാൻ പറഞ്ഞ അധികൃതർ തന്നെ പത്രപരസ്യം നൽകി ഇരുസ്ഥാപനങ്ങളിലും പ്രസ്തുത തസ്‌തികകളിലേക്ക് അഭിമുഖം നടത്തിയിരുന്നു. ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചതറിഞ്ഞതോടെ പിറ്റേദിവസം തന്നെ ഇവരെ നിയമിക്കുകയും ചെയ്തു. അബിൻ വർക്കി എംഎൽഎ, ഡിസിസി നേതാക്കൾ, പ്രാദേശിക കോൺഗ്രസ് നേതാക്കൻമാർ എന്നിവരുടെ നോമിനികളാണ് ഇവർ. കോൺഗ്രസുകാർ പണം വാങ്ങി ജോലി നൽകുകയായിരുന്നുവെന്നും ആരോപണമുണ്ട്.
Highlights: ഹൈക്കോടതിയിൽ നിന്ന് ഇളവുനേടി ജീവനക്കാർ








0 comments