ഒറ്റ തെരഞ്ഞെടുപ്പ്
print edition സുപ്രീംകോടതി ജഡ്‌ജിമാർ ജെപിസിയുമായി കൂടിക്കാഴ്‌ചയ്ക്കില്ല

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ന്യൂഡൽഹി: ബിജെപി പദ്ധതിയായ ‘ഒറ്റ തെരഞ്ഞെടുപ്പ് ’ ലക്ഷ്യമിട്ടുള്ള രണ്ടുബില്ലുകൾ പരിശോധിക്കുന്ന പാർലമെന്റിന്റെ സംയുക്ത സമിതിയുമായി (ജെപിസി) നടത്താനിരുന്ന കൂടിക്കാഴ്‌ചയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും സഹജഡ്‌ജിമാരും പിന്മാറി.
നിയമവൃത്തങ്ങളിൽ നിന്ന് വലിയ പ്രതിഷേധമുയർന്നതോടെയാണ് കീഴ്‌വഴക്കം ലംഘിച്ചുള്ള കൂടിക്കാഴ്‌ചയിൽ നിന്നുള്ള പിന്മാറ്റം. ഇൗ മാസം ആറിന് കൂടിക്കാഴ്‌ച നടക്കില്ലെന്ന് സമിതി അധ്യക്ഷനായ ബിജെപി എംപി പി പി ചൗധരി സ്ഥിരീകരിച്ചു. സമിതി അംഗങ്ങൾക്ക് അസൗകര്യമുണ്ടെന്നായിരുന്നു ബിജെപി നേതാവിന്റെ ഭാഷ്യം. എന്നാൽ അംഗങ്ങളിൽ ചിലർ കൂടിക്കാഴ്‌ചക്കെതിരെ ചൗധരിക്ക് കത്തുനൽകിയെന്ന് വിവരമുണ്ട്.
കൂടിക്കാഴ്‌ചയുടെ കാര്യം മുതിർന്ന അഭിഭാഷൻ കപിൽ സിബലാണ് വ്യാഴാഴ്‌ച വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. ബിൽ നിയമമായി മാറിയാൽ അതിന്റെ നിയമസാധുത പരിശോധിക്കേണ്ട ജഡ്‌ജിമാർ സമിതിയുമായി കൂടിക്കാഴ്‌ച നടത്തുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ജുഡീഷ്യറിയുടെ വിശ്വാസ്യത തന്നെ ചോദ്യമുനയിലാക്കുന്ന വിവാദം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ജഡ്‌ജിമാരുടെ പിന്മാറ്റമെന്നാണ് വിവരം. ഒൗദ്യോഗിക അറിയിപ്പ് പുറത്തിറങ്ങിയിട്ടില്ല. ഒറ്റ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രണ്ട് ബില്ലുകൾ 2024ൽ അവതരിപ്പിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സംയുക്ത സമിതിക്ക് വിടാൻ കേന്ദ്രസർക്കാർ നിർബന്ധിതരാവുകയായിരുന്നു.








0 comments