ഒന്നരവയസ്സുകാരിയെ അച്ഛൻ പുഴയിൽ തള്ളിയിട്ട് കൊന്ന കേസ്: വിധി ഇന്ന്

തലശേരി: ഒന്നരവയസ്സുകാരിയായ മകളെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസിൽ തലശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി (ഒന്ന്) വെള്ളിയാഴ്ച വിധിപറയും. ഭാര്യ കതിരൂർ ഈസ്റ്റ് എഎൽപി സ്കൂൾ അധ്യാപിക സോന സുരേഷിനെയും ഒന്നരവയസ്സുള്ള മകൾ അൻവിതയെയും പാനൂർ പാത്തിപ്പാലത്തിനടുത്ത ചെക്ഡാമിലേക്ക് തള്ളിയിടുകയും മകൾ മരിക്കുകയും ചെയ്ത കേസിലാണ് കോടതി വിധിപറയുന്നത്. തലശേരി കുടുംബകോടതി ജീവനക്കാരനായിരുന്ന പത്തായക്കുന്ന് കുപ്യാട്ട് ഹൗസിൽ കെ പി ഷിജു (ഷിനു–-46)വാണ് പ്രതി.
2015 ഒക്ടോബർ 15ന് വൈകിട്ട് ആറോടെ സോനയെയും മകളെയും ചെക്ക്ഡാമിനടുത്ത് എത്തിച്ച് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ബൈക്കിൽ വള്ള്യായി നവോദയക്കുന്നിലേക്ക് കുടുംബത്തോടൊപ്പം യാത്രനടത്തി തിരികെ വരുന്പോഴാണ് പാത്തിപ്പാലത്തിനടുത്തുള്ള വാട്ടർ അതോറിറ്റി ചെക്ഡാം കാണിക്കാനായി കൊണ്ടുവന്നത്. നടപ്പാതയിൽനിന്ന് ഡാം നോക്കിനിന്ന സോനയെയും മകളെയും തള്ളിവീഴ്ത്തി. മകൾ തെറിച്ചുപോവുകയും സോന ഡാമിലെ കുറ്റിയിൽ പിടിച്ചുനിൽകുകയും ചെയ്തു. ചെരുപ്പുകൊണ്ട് കൈക്ക് അടിച്ച് ഭാര്യയെ വെള്ളത്തിലേക്ക് വീഴ്ത്തി. തൊട്ടടുത്ത കുറ്റിച്ചെടിയിൽപിടിച്ച് നിലവിളിച്ചാണ് സോന രക്ഷപ്പെട്ടത്.
ബഹളം കേട്ട് തൊട്ടടുത്ത വീട്ടുകാർ എത്തുന്പോൾ കുറ്റിച്ചെടിയിൽ പിടിച്ചുനിൽകുന്ന സോനയെയാണ് കണ്ടത്. ‘ഷിനുവേട്ടനാണ് എന്നെയും മകളെയും പുഴയിലേക്ക് തള്ളിവീഴ്ത്തിയതെന്ന്’ ഇതിനിടയിൽ സോന പറഞ്ഞിരുന്നു. രാത്രി ഏഴോടെ 500 മീറ്റർ അപ്പുറത്തുനിന്നാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. ലോട്ടറി ടിക്കറ്റെടുത്ത് പണം ധൂർത്തടിക്കുന്നത് ഭാര്യ ചോദ്യംചെയ്തതിലെ വിരോധമാണ് കൊലയ്ക്ക് കാരണം. ഭാര്യയുടെ സ്വർണമടക്കം ലോട്ടറി ടിക്കറ്റ് വാങ്ങാനായി ഷിജു പണയംവച്ചിരുന്നു. ഭാര്യയുടെ ശന്പളവും ഭാര്യാമാതവിന്റെ കുടുംബപെൻഷനുമടക്കം ധൂർത്തടിക്കാൻ ഉപയോഗിച്ചു. സോനയെയും കുട്ടിയെയും ഇല്ലാതാക്കിയാൽ അവരുടെ സ്വത്തടക്കം ലഭിക്കുമെന്നും പ്രതി കണക്കുകൂട്ടി. കതിരൂർ സിഐ കെ വി മഹേഷ് തുടക്കത്തിൽ അന്വേഷിച്ച കേസിൽ പാനൂർ സിഐ എം പി ആസാദാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്കുമാർ ഹാജരായി.








0 comments