Deshabhimani

ലോക ചെസ് ചാമ്പ്യൻഷിപ്പ്: മൂന്നാം മത്സരവും സമനിലയിൽ, ഗുകേഷും സിൻഡറോവും 1.5 പോയിന്റ് വീതം നേടി

Gukesh

ഡി ഗുകേഷ് |FIDE

വെബ് ഡെസ്ക്

Published on Nov 27, 2026, 07:34 AM | 1 min read

ജനീവ : ലോക ചെസ് ചാമ്പ്യൻഷിപ്പിലെ മൂന്നാം മത്സരവും സമനിലയിൽ അവസാനിച്ചു. ഇന്ത്യയുടെ നിലവിലെ ലോക ചാമ്പ്യൻ ഡി ഗുകേഷും ഉസ്ബെക്കിസ്ഥാന്റെ ജാവോഖിർ സിൻഡറോവും തമ്മിലുള്ള പോരാട്ടം 60 നീക്കങ്ങൾക്കൊടുവിലാണ് സമനിലയിൽ പിരിഞ്ഞത്. ഇതോടെ മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരുതാരങ്ങൾക്കും 1.5 പോയിന്റ് വീതമായി.


വ്യാഴാഴ്ച ജനീവയിലെ ഫൊണ്ടേഷൻ മാർട്ടിൻ ബോഡ്മർ മ്യൂസിയത്തിൽ നടന്ന മത്സരം അഞ്ചു മണിക്കൂറോളം നീണ്ടു. ആദ്യ രണ്ട് മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായി ശക്തമായ പോരാട്ടത്തിനാണ് മൂന്നാം ഗെയിം സാക്ഷ്യം വഹിച്ചത്.


കറുത്ത കരുക്കളുമായി കളിച്ച ഗുകേഷിനായിരുന്നു മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മുൻതൂക്കം. എന്നാൽ അവസരങ്ങൾ മുതലെടുത്ത് വിജയം നേടാൻ താരത്തിനായില്ല. ഗുകേഷിന്റെ തുടക്കത്തിലെ നീക്കങ്ങൾ സിൻഡറോവിനെ അമ്പരപ്പിച്ചു. പിന്നീട് തിരിച്ചെത്തിയ ഉസ്ബെക്ക് താരം സമനിലയ്ക്കായി ശക്തമായി പൊരുതി.


ഒടുവിൽ ഇരുവരും സമനില അംഗീകരിക്കുകയായിരുന്നു. ആദ്യ മത്സരവും സമനിലയിൽ അവസാനിച്ചിരുന്നു. രണ്ടാം മത്സരത്തിൽ 20 നീക്കങ്ങൾക്കൊടുവിലാണ് താരങ്ങൾ സമനിലയിൽ പിരിഞ്ഞത്. ശനിയാഴ്ച നടക്കുന്ന നാലാം മത്സരത്തിൽ ഗുകേഷ് വെള്ളക്കരുക്കളുമായി കളത്തിലിറങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home