ക്യാമ്പിൽ സൗകര്യമില്ല
കിടപ്പുരോഗികൾക്ക് ആശ്രയം ബന്ധുവീടുകൾ

തിങ്കളാഴ്ച രാവിലെ വീണ്ടും ജലനിരപ്പ് ഉയർന്നതോടെ അന്ധയായ ഭാര്യ സുമയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന ഭർത്താവ് സന്തോഷ്. കുന്നത്ത്കരയിൽ നിന്നാണ് വെള്ളക്കെട്ടിലൂടെ നടന്ന് സുമയെ തെക്കേമലയിൽ എത്തിച്ചത്
കോഴഞ്ചേരി
വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ സനലിന്റെ ആറന്മുള എഴിക്കാട് നഗറിലെ വീട്ടിലേക്ക് തിങ്കൾ രാവിലെയോടെ വെള്ളമിരച്ചെത്തി. ജീവൻ രക്ഷിക്കാൻ ദുരിതാശ്വാസക്യാമ്പിലേക്ക് മാറാമെന്ന് കുടുംബം തീരുമാനിച്ചെങ്കിലും ക്യാമ്പിലെ അസൗകര്യങ്ങൾ അതിന് വിലങ്ങുതടിയായി. കിടപ്പുരോഗികൾക്കുള്ള യാതൊരു സൗകര്യവും ക്യാമ്പിൽ ഇല്ലാത്തതിനാൽ എഴിക്കാട് നഗറിൽ ബ്ലോക്ക് 48ൽ താമസിക്കുന്ന സനലിന് നാല് കിലോമീറ്ററകലെ പെണ്ണുക്കരയിലുള്ള ഭാര്യവീട്ടിലേക്ക് മാറേണ്ടിവന്നു. വാഹനാപകടത്തിൽപ്പെട്ട് രണ്ടുവർഷത്തിലധികമായി കിടപ്പിലാണ് സനൽ. വാഹനാപകടത്തിൽ പരിക്കുപറ്റി കിടപ്പിലായ ബ്ലോക്ക് നമ്പർ 49ലെ വി എസ് അശ്വതിക്കും സമാന അവസ്ഥയാണ്. നാല് കിലോമീറ്റർ അകലെ പരിചയക്കാരുടെ വീട്ടിലാണ് അഭയം തേടിയത്. ക്യാമ്പുകളിൽ എത്താത്തതിനാൽ ഇവർക്ക് സർക്കാരിൽ നിന്നോ സന്നദ്ധ സേവകരിൽ നിന്നോ ലഭിക്കേണ്ട സഹായവും നഷ്ടമാകും. കിടപ്പുരോഗികളെ സഹായിക്കുന്നതിനുള്ള ഒരു സൗകര്യവും സർക്കാർ തലത്തിൽ ക്യാമ്പുകളിൽ ഒരുക്കിയിട്ടില്ലെന്ന ആരോപണം ശക്തമാണ്. ആറന്മുള പഞ്ചായത്തിന് കീഴിലുള്ള പല ക്യാമ്പുകളിലും വെളിച്ചവും വെള്ളവും എത്തിക്കുന്നതിനും ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വല്ലന ഗവ. എസ്എൻഡിപി യുപി സ്കൂളിലെ ക്യാമ്പിൽ ഇതുവരെ ആവശ്യമായ വെള്ളമെത്തിക്കാനായിട്ടില്ല. 89 കുടുംബങ്ങൾ താമസിക്കുന്ന വല്ലന ടികെഎംആർഎംവി എച്ച്എസ്എസിൽ ക്യാമ്പ് തുറന്ന് രണ്ട് ദിവസമായിട്ടും വേണ്ടത്ര വൈദ്യുതിലൈറ്റുകൾ ഇല്ലെന്ന് ക്യാമ്പിലുള്ളവർ പറഞ്ഞു. രോഗികൾക്ക് തലയണയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതും ക്യാമ്പിൽ കഴിയുന്നവരുടെ ദുരിതം വർധിപ്പിക്കുകയാണ്.










0 comments