ക്യാമ്പുകൾ ദുരിതക്കയങ്ങൾ

തിരുവല്ല
നൂറ് ക്യാമ്പുകൾ, താമസം 7950 പേർ. പ്രളയക്കെടുതികളിൽ പടുകുഴിയിൽനിന്നും കരകയറി വന്നവർക്ക് ദുരിതാശ്വാസ ക്യാമ്പുകളും ദുരിതക്കയങ്ങളായി. തിരുവല്ലയിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും സംവിധാനമില്ല.
സ്കുളുകളിലും ഓഡിറ്റോറിയങ്ങളിലും മുന്നൂറിലേറെ ആളുകളാണ് കഴിയുന്നത്. ഒന്നും രണ്ടും ശുചിമുറി മാത്രം. കുളിക്കാൻ സൗകര്യമില്ല. പലയിടങ്ങളിലും ഭക്ഷണമില്ല. വസ്ത്രാലയങ്ങളിലും കടകളിലുംനിന്ന് കൊണ്ടുവരുന്ന കാർഡ് ബോർഡ് പെട്ടികൾ കീറിനിരത്തി അതിലാണ് പ്രായമായവരും കുട്ടികളും കിടക്കുന്നത്. തണുപ്പായതിനാൽ കിടന്നുറങ്ങാനും പറ്റുന്നില്ല. പരാതികളുടെ പ്രവാഹമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ.
നഗരത്തിൽ വാഹനങ്ങൾ എത്തുന്നിടത്ത് മാത്രമുള്ള ക്യാമ്പുകളിൽ സന്നദ്ധ സംഘടനകൾ സാധനങ്ങൾ എത്തിക്കുന്നതൊഴിച്ചാൽ ഗ്രാമപ്രദേശങ്ങളിലെ ക്യാമ്പുകൾ നരകതുല്യം. കുടിവെള്ളം പോലുമില്ല. വെള്ളക്കെട്ടിലൂടെ നീന്തി വന്നവർക്ക് ഉടുക്കാൻ വസ്ത്രങ്ങളില്ല. 943 കുട്ടികളാണ് അപ്പർ കുട്ടനാട്ടിലെ ക്യാമ്പുകളിൽ കഴിയുന്നത്. 3601 പുരുഷൻമാരും 3396 സ്ത്രീകളും ക്യാമ്പിലുണ്ട്. സ്ത്രീകൾക്ക് വേണ്ട വസ്ത്രങ്ങൾ ലഭിക്കുന്നില്ലന്ന് അവർ പരാതി പറയുന്നു. കുട്ടികൾ അന്ന് ധരിച്ച വസ്ത്രങ്ങളാണ് ഉടുത്തിരിക്കുന്നത്. ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നില്ല. ഇതിനാവശ്യമായ വാഹനം ക്രമീകരിച്ചിട്ടില്ല. മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ മോർച്ചറികളിലേക്ക് മാറ്റാൻ ടിപ്പർ ലോറികളെയാണ് ആശ്രയിച്ചത്.
ലഭിച്ച വള്ളങ്ങൾ അപര്യാപ്തം
തിരുവല്ല
അഞ്ച് പഞ്ചായത്തുകളും നഗരസഭയുടെ പകുതിഭാഗവും പൂർണമായും നിലയില്ലാക്കയത്തിൽ അകപ്പെട്ടിട്ടും രക്ഷാപ്രവർത്തനത്തിന് കൊല്ലത്തുനിന്നും സർക്കാർ എത്തിച്ചത് രണ്ട് ചെറുവള്ളമടക്കം മൂന്ന് വള്ളം. പൊടുന്നനെ വന്ന മലവെള്ളത്തിൽ വീടുകളിൽ ഒറ്റപ്പെട്ടു പോയവരെ കരക്ക് എത്തിക്കാനും ഒറ്റപ്പെട്ട തുരുത്തുകളിൽ ഭക്ഷണമെത്തിക്കാനും ഇവ മതിയായിരുന്നില്ല. തുരുത്തുകളിൽ പോയി ആളുകളെ കൊണ്ടുവരാൻ മണിക്കൂറുകളെടുക്കും. പലതവണ പോയി വരുമ്പോൾ സമയമേറെയാകും. നിരണം കടപ്ര, പെരിങ്ങര പഞ്ചായത്തുകളിൽ ഇവ ഉപയോഗിക്കാനായില്ല. സുരക്ഷാ ക്രമീകരണങ്ങളിൽ സർക്കാർ സംവിധാനങ്ങളുടെ ഏകീകരണമുണ്ടായില്ല. ആവശ്യത്തിന് വള്ളമെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ജന പ്രതിനിധികൾ പറയുന്നു. നാട്ടിലുള്ള ചെറുവള്ളങ്ങളെ ഉപയോഗപെടുത്തിയും വലിയ ചങ്ങാടമുണ്ടാക്കിയുമാണ് അപ്പർകുട്ടനാട്ടുകാർ പ്രളയത്തെ മറികടക്കാൻ ശ്രമിക്കുന്നത്.








0 comments