ad
Deshabhimani

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്

Photo
വെബ് ഡെസ്ക്

Published on Sep 14, 2025, 12:05 AM | 1 min read

കോഴഞ്ചേരി

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഞായറാഴ്‌ച നടക്കും. രാവിലെ 10.30ന് പാർത്ഥസാരഥി ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ വള്ളസദ്യ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വീണാ ജോർജ്‌, പി പ്രസാദ് എന്നിവർ മുഖ്യാതിഥികളാകും. വള്ളസദ്യയിൽ 52 പള്ളിയോടങ്ങളും ഒരു ലക്ഷത്തിൽപ്പരം ആളുകളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രശസ്ത സദ്യ കരാറുകാരനായ സി കെ ഹരിചന്ദ്രന്റെ കീഴിൽ മുന്നൂറോളം വിദഗ്ധ പാചക തൊഴിലാളികളാണ് ക്ഷേത്രത്തിനുള്ളിലെ സദ്യ പാചകം ചെയ്യുന്നത്. ക്ഷേത്രത്തിന്‌ പുറത്തു നടക്കുന്ന സദ്യയ്‌ക്ക്‌ കെ കെ രവിയുടെ നേതൃത്വത്തിലാണ് പാചകം. അമ്പലപ്പുഴ അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പാൽപ്പായസം തയ്യാറാക്കുന്നു.

പതിനൊന്നരയോടെ 52 പള്ളിയോടങ്ങളിലെത്തുന്നവർ ക്ഷേത്രാങ്കണത്തിൽ എത്തും. തുടർന്ന് സദ്യ ആരംഭിക്കും. 501 പറ അരിയുടെ ചോറാണ് സദ്യക്ക് തയ്യാറാക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗത്ത് പള്ളിയോടങ്ങൾക്കും തെക്കുഭാഗത്ത് ഭക്തജനങ്ങൾക്കുമാണ് സദ്യയ്ക്കുള്ള ക്രമീകരണം. അഞ്ഞൂറോളം പേരാണ് സദ്യയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്.

​സദ്യയ്‌ക്കാവശ്യമായ തൈര് ചേനപ്പാടിയിൽനിന്ന് പരമ്പരാഗത ശൈലിയിൽ ശനിയാഴ്‌ച രാവിലെ ക്ഷേത്രത്തിലെത്തിച്ചു. പള്ളിയോട സേവാസംഘവും ദേവസ്വം അധികൃതരും ഭക്തജനങ്ങളും ചേർന്ന് ചേനപ്പാടി തൈര് സ്വീകരിച്ച് ആനക്കൊട്ടിലിൽ സമർപ്പിച്ചു.

​25 ലക്ഷം രൂപ ചെലവിട്ടാണ് ഇക്കുറി വള്ളസദ്യയൊരുക്കുന്നത്. വള്ളസദ്യയ്ക്ക് ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ചിട്ടുള്ള നിർവഹണ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home