വൃദ്ധസദനത്തിൽ മർദനം
പരാതിയുമായി ഒരു കുട്ടികൂടി രംഗത്ത്

ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലേക്ക് നടത്തിയ മാർച്ച്
പത്തനംതിട്ട
ഓമല്ലൂരിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ ജീവനക്കാരുടെ മർദനമേറ്റന്ന പരാതിയുമായി ഒരു കുട്ടികൂടി രംഗത്തുവന്നു. എരുമേലി സ്വദേശിയായ പതിനഞ്ചുകാരനാണ് വെള്ളിയാഴ്‌ച ഇലവുംതിട്ട പൊലീസിൽ പരാതി നൽകിയത്. ഇതുകൂടാതെ, കഴിഞ്ഞ ദിവസം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ കഴിഞ്ഞ ആറന്മുള സ്വദേശിയായ 16 കാരന്റെ പാരാതിയും പൊലീസിന് കൈമാറി. ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു. വൃദ്ധസദനത്തിന്റെ മാനേജർ റെജി, ജീവനക്കാരായ സിജോ, ബെന്നി എന്നിവർ അന്തേവാസികളെ മർദിച്ചെന്നാണ് പരാതി.
കട്ടപ്പന അണക്കര സ്വദേശിയായ പതിനേഴുകാരന്റെ പരാതിയെ തുടർന്ന് കട്ടപ്പന പൊലീസ് കേസെടുത്തതിനെ തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്. കുട്ടിയ്‌ക്ക് വിദ്യാഭ്യാസം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌താണ് വൃദ്ധസദനത്തിലെത്തിച്ചത്. എന്നാൽ കുട്ടിയെ സ്‌കൂളിൽ അയയ്‌ക്കാൻ തയ്യാറായില്ല. ഇത് ചോദ്യം ചെയ്‌തതോടെ മോഷണക്കുറ്റം ചുമത്തി ക്രൂരമായി മർദിക്കുകയായിരുന്നു. സ്ഥാപനത്തിലെ മറ്റ് അന്തേവാസികൾക്കും നിരന്തരം മർദനമേറ്റിരുന്നതായി ആരോപണമുണ്ട്. നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നും സ്ഥലം സന്ദർശിച്ച ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥരോടും ശിശുക്ഷേമ സമിതി ഭാരവാഹികളോടും അന്തേവാസികൾ പറഞ്ഞിരുന്നു.
പ്രതികൾക്കെതിരെ ശാരീരിക ഉപദ്രവം, അന്യായമായി തടഞ്ഞുവയ്‌ക്കൽ, ബാലവേല തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതുവരെയും പ്രതികളെ പിടികൂടാനായിട്ടില്ല.
ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു
ഓമല്ലൂർ
അന്തേവാസികളെ മർദിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലേക്ക് മാർച്ച് നടത്തി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്യാംരാജ് ഉദ്‌ഘാടനം ചെയ്‌തു. ഓമല്ലൂർ മേഖല പ്രസിഡന്റ് എസ് ലക്ഷ്‌മി അധ്യക്ഷയായി. സിപിഐ എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്‌ജു, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് ആർ അജ്‌മൽ, സൂരജ് എസ് പിള്ള, പി എസ് ഷജിൽ, വിശ്വജിത്ത് ജി ആചാരി, ഗോഡ്‌വിൻ ഷാജി, കെ ആർ ബൈജു, അഭിലാഷ് വിശ്വനാഥ്, ഇ കെ ബേബി എന്നിവർ സംസാരിച്ചു.










0 comments