മല്ലപ്പള്ളി കാർഷികവികസന ബാങ്ക് സ്വർണക്കൊള്ള
‘മുഴുവൻ പ്രതികളെയും നിയമത്തിനു മുന്പിൽ കൊണ്ടുവരണം’

പത്തനംതിട്ട
മല്ലപ്പള്ളി കാർഷികവികസന ബാങ്ക് സ്വർണക്കൊള്ള കേസിൽ മുഴുവൻ കുറ്റവാളികളെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് മുൻ പ്രസിഡന്റ് ഡോ. സജി ചാക്കോ. വായ്‌പ പദ്ധതി തുടങ്ങിയ ഘട്ടത്തിൽ തന്നെ പ്രസിഡന്റായിരുന്ന സുരേഷ് ബാബുവിന് ഗുരുതരമായ വീഴ്‌ചയാണ് സംഭവിച്ചത്. സ്ട്രോങ്ങ് റൂമിന്റെയും ലോക്കറിന്റെയും താക്കോൽ സൂക്ഷിക്കുന്നതിന് രണ്ടുപേരെ ചുമതലപ്പെടുത്തേണ്ട ഉത്തരവാദിത്വം അദ്ദേഹം നിറവേറ്റിയിട്ടില്ല. സ്ട്രോങ്ങ് റൂമിനും ലോക്കറുകൾക്കും രണ്ട് താക്കോൽ വീതമാണുള്ളത്. രണ്ടാളുകൾ വിചാരിച്ചെങ്കിൽ മാത്രമേ ഇത് തുറക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ആ താക്കോൽ രണ്ടും സെക്രട്ടറിക്കും പ്യൂണിനും യഥേഷ്‌ടം ഉപയോഗിക്കാൻ സൗകര്യം ഉണ്ടാക്കിക്കൊടുത്ത അന്നത്തെ പ്രസിഡന്റാണ് മുഖ്യപ്രതി.
ലോക്കർ രജിസ്‌റ്റർ സൂക്ഷിച്ച് ഏതുസമയത്ത് ഏതൊക്കെ ലോക്കറാണ് തുറക്കേണ്ടതെന്ന് ഇതിൽ കൃത്യമായി രേഖപ്പെടുത്തണം. ഇവിടെ ലോക്കർ രജിസ്‌റ്റർ പോലും ഇല്ലായിരുന്നുവെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഉണ്ടെങ്കിൽ ആ ലോക്കർ രജിസ്‌റ്റർ കൃത്യമായി പരിശോധിക്കാൻ പ്രസിഡന്റോ അദ്ദേഹം ചുമതലപ്പെടുത്തിയ ഭരണസമിതി അംഗങ്ങൾക്കോ കഴിയുമായിരുന്നു. ഇതൊക്കെ ഗുരുതരമായ കൃത്യവിലോപങ്ങളാണ്. അതിനാൽ സ്വർണക്കൊള്ളയുടെ ഉത്തരവാദിത്വം വായ്‌പ പദ്ധതി തുടങ്ങിയ പ്രസിഡന്റിനുണ്ട്.
2012ൽ ബാങ്ക് രൂപീകരിച്ച മുതൽ പ്രസിഡന്റായിരുന്ന എന്നെ 2023ൽ അവിശ്വാസത്തിലൂടെ പുറത്താക്കുമ്പോൾ ബാങ്കിന്റെ വായ്‌പ 50 കോടിയിൽ അധികമായിരുന്നു. ഈ കാലയളവിലാണ് ബാങ്കിന് സ്വന്തമായി വാഹനവും സ്ഥലവും വാങ്ങിയത്. സ്ഥലത്ത് രണ്ട് കോടിയിലധികം രൂപ മുടക്കി ആസ്ഥാനമന്ദിരവും പണിതു. ഇൗ കാലത്താണ് പ്യൂൺ തസ്‌തികയിൽ കോൺഗ്രസിന്റെ നിലവിലെ ബ്ലോക്ക് പ്രസിഡന്റായ എബി മേക്കരിങ്ങാട്ടിനെ ഭരണസമിതി നിയമിച്ചത്. ഇദ്ദേഹം രാജിവച്ച് ഒഴിവിലായിരുന്നു വിജേഷിന്റെ നിയമനം. കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് സെലക്ഷൻ ബോർഡ് പരീക്ഷ വിജയികളായവരുടെ പട്ടികയിൽനിന്നാണ് ഇൻറർവ്യൂ നടത്തി രാധാശ്രീയെ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിച്ചത്. പിന്നീട് രാധശ്രീക്ക് സെക്രട്ടറിയായി പ്രമോഷൻ നൽകാൻ മുൻകൈയെടുത്തത് സുരേഷ് ബാബുവാണ്. എന്റെ വിയോജിപ്പോടെയായിരുന്നു ഇൗ തീരുമാനമെന്നും സജി ചാക്കോ വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments