അഞ്ചാംക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും പിഴയും

അടൂർ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. പന്തളം വില്ലേജിൽ തോന്നല്ലൂർ പുതിയയ്യത്തു കിഴക്കേതിൽ അനീഷ് (40)നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി മഞ്ജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തി 29 വർഷം കഠിനതടവിനും 1,36,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2024 ജൂണിനും 2025 ആഗസ്‌തിനും ഇടയിൽ പല ദിവസങ്ങളിലായി ഈ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡിൽ പ്രതി പീഡിപ്പിച്ചു എന്നതാണ് കേസ്. പന്തളം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ആയിരുന്ന ടി ഡി പ്രജീഷാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എസ്എച്ച്ഒ ടി ഡി പ്രജീഷ്, എസ് ഐ അനീഷ് ഏബ്രഹാം, എഎസ്ഐ ബി ഷൈൻ, എസ് അൻവർഷ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി. പ്രതി പിഴത്തുക അടയ്ക്കുകയാണെങ്കിൽ ആ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.










0 comments