പ്രാർഥനാകേന്ദ്രത്തിലെ ബിജെപി അക്രമം
സ്ഥാപന ഉടമയ്‌ക്കെതിരെ സംഘപരിവാർ

പത്തനംതിട്ട
ഓമല്ലൂർ എലോഹിം വർഷിപ്പ് സെന്ററിൽ പ്രാർഥനയ്‌ക്കെത്തിയ വിശ്വാസികളെ ബിജെപി പ്രവർത്തകർ ആക്രമിച്ച സംഭവത്തിനുപിന്നാലെ വർഷിപ്പ് സെന്റർ ഉടമയ്‌ക്കെതിരെ സംഘപരിവാർ സംഘടനകൾ ഒരോന്നായി രംഗത്ത്. സ്ഥാപന ഉടമ പാസ്‌റ്റർ ബിനു വാഴമുട്ടത്തിനെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ബിജെപി ജില്ലാ കമ്മിറ്റിയും വിശ്വഹിന്ദുപരിഷത്തും രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ, ഹിന്ദു ആചാരത്തെ ആക്ഷേപിച്ച് പ്രസംഗിച്ച പാസ്‌റ്റർ ബിനുവിനെതിരെ കേസെടുക്കാത്തത് സർക്കാരിലും പൊലീസിലുമുള്ള സ്വാധീനം കൊണ്ടാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. കെ ഹരിദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാസ്‌റ്റർ ബിനു വാഴമുട്ടം നടത്തുന്ന ചെന്നീർക്കരയിലെ അനാഥ മന്ദിരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം ജീവനക്കാരുടെ മർദനത്തിന് ഇരയായെന്ന വാർത്ത പുറത്തുവന്നതിന്റെ മറപറ്റിയാണ് ബിജെപി ഓമല്ലൂരിലെ കേന്ദ്രത്തിൽ പ്രാർഥന തടഞ്ഞത്. പ്രാർഥനയ്‌ക്കെത്തിയ വിശ്വാസികളെ മർദിച്ചു. ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയത്. പ്രസിഡന്റ് ആതിര വിജയകുമാർ ഉൾപ്പെടെ പ്രവർത്തകർക്കെതിരെ മൂന്ന് കേസുകൾ രജിസ്‌റ്റർ ചെയ്‌തു. തുടർന്നാണ് പാസ്‌റ്റർ ബിനുവിന്റെ ഗുണ്ടകളെത്തി പ്രസിഡന്റിനെതിരെ വധഭീഷണിയുയർത്തിയെന്ന് ബിജെപി ആരോപണം ഉയർത്തിയത്. പൊലീസിൽ പരാതി നൽകി. അന്യമത വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്തിയതായി പാസ്‌റ്റർ ബിനുവിനെതിരെ ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി ജില്ലാ പൊലീസിന് പരാതി നൽകി. ഇതുസംബന്ധിച്ച് അന്വേഷിച്ചപ്പോൾ പരാതി പത്തനംതിട്ട ഡിവൈഎസ്‌പിക്ക് കൈമാറിയതായി പൊലീസ് മേധാവി മറുപടി നൽകിയെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികൾ പറഞ്ഞു. ഡിവൈഎസ്‌പിയെ സമീപിച്ചപ്പോൾ വിഷയം അറിഞ്ഞിട്ടേയില്ല. ഇത് സംശയം ജനിപ്പിക്കുന്നതാണ്.
പാസ്‌റ്റർ ബിനുവിന്റെ അനധികൃത സ്വത്തുസമ്പാദനം ഇഡി അന്വേഷിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ടി ആർ ജയദേവ്, കെ എസ് സതീഷ് കുമാർ, മനോഹർ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.










0 comments