Deshabhimani

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2026, 12:05 AM | 1 min read

പന്തളം

പന്തളം തുമ്പമണ്ണിൽനിന്ന്‌ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾ പന്തളം പൊലീസിന്റെ പിടിയിൽ. ഇലവുംതിട്ട രാമൻചിറ തടത്തിവിളയിൽ വീട്ടിൽ ദീപക് ജോയ് (25), പ്രക്കാനം ചെന്നീർക്കര കാഞ്ഞിരം നിൽക്കുന്നതിൽ വീട്ടിൽ സജു സജി (24), പ്രക്കാനം കൈപ്പിലാൽ പാറമേലേതിൽ ജോമോൻ മാത്യു (30), ഇലവുംതിട്ട നെടിയകാല കോട്ടൂർ പാറ തടത്തിൽ വീട്ടിൽ അഭിജിത്ത് സജി (21) എന്നിവരെയാണ് പന്തളം പൊലീസ് പിടികൂടിയത്.

തുമ്പമൺ സ്വദേശി അജയനെയാണ് പ്രതികൾ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചത്. സെപ്‌തംബർ 26ന് രാത്രി ഒന്നോടെ വീട്ടിൽനിന്നും വിളിച്ചിറക്കി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഉണർന്നുവന്ന് കാര്യം അന്വേഷിച്ച അജയന്റെ ഭാര്യയോട് ഇയാൾ ജോലി ചെയ്യുന്ന ഫാമിലെ ആവശ്യത്തിനെന്ന് സംഘത്തിലെ പ്രധാന പ്രതി ദീപക് പറഞ്ഞു. ബൈക്കിൽ കയറ്റി കൊണ്ടുപോയശേഷം തുമ്പമൺ ജങ്‌ഷനിൽവച്ച് മറ്റൊരു കാറിലേക്ക് ബലമായി പിടിച്ചുകയറ്റി ഒന്നാംപ്രതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു. അവിടെവച്ചായിരുന്നു ക്രൂരമർദനം.

ദീപക്കിന്റെ വീട്ടിൽ മർദനമേറ്റ അജയൻ രാത്രി അതിക്രമിച്ചുകയറിയെന്ന് കുറ്റസമ്മതം നടത്തുന്ന രീതിയിൽ അജയന്റെ വീഡിയോ ചിത്രീകരിച്ചു. അവശനിലയിലായ യുവാവിനെ ഇവർ വഴിയിലുപേക്ഷിച്ചു. പരാതിപ്പെട്ടാൽ കുടുംബത്തെ അപായപ്പെടുത്തുമെന്ന് അജയനെ ഭീഷണിപ്പെടുത്തി.

ഒളിവിൽപോയ ദീപക്കിനെ ഇടുക്കി ചെറുതോണിയിൽനിന്നാണ്‌ ആദ്യം പിടികൂടിയത്‌. പ്രക്കാനത്തെ പ്രതികളിലൊരാളുടെ വീട്ടിൽ ഒളിച്ചുകഴിയുന്നതിനിടെ ബാക്കി മൂവരെയും പിടികൂടി.

പ്രതി ദീപക്കിന്റെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചെന്ന് ആരോപിച്ചാണ് ഇയാളെ ആക്രമിച്ചതെന്ന് പന്തളം പൊലീസ് പറഞ്ഞു. കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. പന്തളം സിഐ ബാബു കുറുപ്പിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ എബിൻ പ്രസാദ്, സിവിൽ പോലീസ് ഓഫീസർമാരായ എസ് അൻവർഷ, കൃഷ്ണലാൽ, ബി അരുൺ, ഒ അഖിൽ, വിജയ്, അനുപ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home