പള്ളിയോടങ്ങളുടെ "കാരണവർ'

Aranmula
avatar
അശ്വതി ജയശ്രീ

Published on Sep 09, 2025, 12:05 AM | 1 min read

പത്തനംതിട്ട

ആറന്മുളയെന്നാൽ പള്ളിയോടങ്ങളാണ്‌. വള്ളസദ്യയും വള്ളപ്പാട്ടും വള്ളംകളിയുമെല്ലാം അതിനോട്‌ ചേർന്നുകിടക്കുന്നു. 23–ാം വയസിൽ തുടങ്ങിയ പള്ളിയോട നിർമാണയാത്ര 33 വർഷം പിന്നിടുന്പോൾ ചങ്ങംകരി വേണു ആചാരിയും ആറന്മുളയുടെ ഇ‍ൗ ചരിത്രത്തോട്‌ ചേർന്നുകിടക്കുന്നു. 33 വർഷത്തിൽ 25 പള്ളിയോടങ്ങൾ നിർമിച്ചു. അതിലുമേറെ പള്ളിയോടങ്ങളുടെ അറ്റകുറ്റപണികളും നവീകരണവും നടത്തി. ആറന്മുളയിൽ വീണ്ടുമൊരു വള്ളംകളി ദിവസമെത്തുമ്പോൾ ഇദ്ദേഹത്തിന്റെ കൈവിരുതിൽ പണിതീർന്ന പള്ളിയോടങ്ങൾ പമ്പയുടെ ഓളപ്പരപ്പിൽ മത്സരതുഴച്ചിൽ നടത്തും.

"അച്ഛനും മുത്തച്ഛ' നുമടക്കം വള്ള നിർമാണമായിരുന്നു. എന്റെ ഓർമയിൽ അവരാരും മറ്റൊരു ജോലി ചെയ്തതായി അറിയില്ല. അച്ഛൻ തങ്കപ്പനാചാരിക്ക്‌ ഒപ്പമാണ്‌ ഞാനും പണി പഠിച്ചത്‌. 33–ാം വയസിൽ സ്വതന്ത്രമായി വള്ളങ്ങൾ പണിഞ്ഞുതുടങ്ങി. ഇടയാറന്മുളയാണ്‌ സ്വതന്ത്രമായി പണിഞ്ഞ ആദ്യ പള്ളിയോടം.'–വേണു ആചാരി പറഞ്ഞു.

മൂത്ത മകൻ വിഷ്‌ണുവും വേണു ആചരിക്കൊപ്പം നിർമാണ, നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമാകാറുണ്ട്‌. എയർക്രാഫ്‌റ്റ്‌ മെയിന്റനൻസ്‌ എൻജിനീയറായ വിഷ്‌ണു അവധിദിവസങ്ങളിലാണ്‌ പള്ളിയോട "മെയിന്റൻസി'നും സമയം കണ്ടെത്തുന്നത്‌. വള്ളത്തിനായി തടി കണ്ടെത്തുന്നതുമുതൽ ആചാരിയുടെ പണി തുടങ്ങുകയായി. ലക്ഷണമൊത്ത ആഞ്ഞിലിത്തടി കണ്ടെത്തുക ശ്രമകരമായ ജോലിയാണ്‌. നാല്‌ മരമെങ്കിലും കിട്ടിയാൽ മാത്രമേ ഒരു വള്ളം പൂർത്തിയാക്കാനാകൂ എന്ന്‌ അദ്ദേഹം പറയുന്നു. 50 മുതൽ 55 ലക്ഷം രൂപവരെ ചെലവിട്ടാണ്‌ വള്ളനിർമാണം. അതിൽ 20 ലക്ഷത്തോളം പണിക്ക‍ൂലിയാണ്‌. അടുത്തിടെ 52 കോലാക്കി പുതുക്കിപണിത മാലക്കര പള്ളിയോടമാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും നീളം കൂടിയ പള്ളിയോടം. ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്, ളാക–ഇടയാറന്മുള, ഇടശേരിമല, ഇടശേരിമല കിഴക്ക്, പുന്നംതോട്ടം, കീഴ്‌വന്മഴി, വന്മഴി, ഇടപ്പാവൂർ പേരൂർ, അയിരൂർ, ചെന്നിത്തല, കിഴക്കനോതറ കുന്നേകാട്, തെക്കേമുറി, നെല്ലിക്കൽ, കുറിയന്നൂർ, കോഴഞ്ചേരി, മുതവഴി ഇങ്ങനെ പോകുന്നു വേണു ആചാരിയുടെ കൈയൊപ്പ്‌ പതിഞ്ഞ പള്ളിയോടങ്ങൾ. തിരുവോണത്തോണിയും മങ്ങാട്ട് ഭട്ടതിരി എത്തുന്ന അറിയിപ്പ് തോണിയും വേണു ആചാരി നിർമിച്ചതാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Home