ad
Deshabhimani

‘വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് ചക്ക തിന്നാൻ’

‘വിഴുങ്ങാനാവില്ല’ വനംമന്ത്രിയുടെ വാദം

Photo
avatar
സ്വന്തം ലേഖകൻ

Published on Jun 28, 2026, 12:05 AM | 2 min read

റാന്നി

വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് ചക്കയുടെയും പൈനാപ്പിളിന്റെയും മണം അടിച്ചാണെന്ന് വനംമന്ത്രിയുടെ വാദം അപഹാസ്യമെന്ന്‌ ആക്ഷേപം. മലയോര മേഖലയിൽ വ്യാപകമായ വന്യജീവി ശല്യത്തിന്റെ രൂക്ഷത നേരിട്ടറിയാൻ എത്തിയപ്പോഴായിരുന്നു മന്ത്രി ഷിബു ബേബി ജോണിന്റെ വിചിത്ര പരാമർശം. പ്ലാവിൽ ചക്കപാകമാകും മുമ്പേ അവ കർഷകരിൽനിന്നും വനംവകുപ്പ്‌ പണം കൊടുത്ത്‌ വാങ്ങുമെന്നും കിടങ്ങും സോളാർവേലിയുമൊന്നുമല്ല ഇതിന്‌ പരിഹാരമെന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാൽ മുക്കുഴി, മണിയാർ ഉൾപ്പെടെയുള്ള മേഖലകളിൽ കടുവയും പുലിയും വ്യാപകമായി നാട്ടിലിറങ്ങുന്നുണ്ട്. കടുവ നാട്ടിലിറങ്ങുന്നത് ചക്ക തിന്നാനാണോയെന്ന്‌ കർഷകർ ചോദിക്കുന്നു. അതുപോലെ ഏറ്റവും വലിയ ശല്യം കാട്ടുപന്നികളെ കൊണ്ടാണ്. നാട്ടിലും ഇവ യഥേഷ്‌ടം പെറ്റുപെരുകി. ഇവയുടെ ശല്യം ഒഴിവാക്കാൻ ഇവയെ കൊന്നുകളയുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ്‌ അവർ പറയുന്നത്. മലയോര മേഖലയിലെ പ്രധാന ഭക്ഷണമാണ്‌ ചക്ക. സീസൺ ആയാൽ പഴുപ്പിച്ചും വേവിച്ചും വറുത്തും മറ്റു പലഹാരങ്ങളായും ചക്ക ഒഴിവാക്കാനാകാത്ത വിഭവമാണ്‌. ചക്ക ഉണ്ടാകുമ്പോൾ തന്നെ പറിച്ചുമാറ്റിയാൽ ഇതൊന്നും നാട്ടിൻപുറത്ത് കിട്ടാനില്ലാതാകും. മാത്രമല്ല, ആരും കൃഷിയെന്ന രീതിയിൽ പ്ലാവ് നട്ടുവളർത്താറില്ല. ഓരോരുത്തരുടെയും പുരയിടത്തിൽ ഒന്നോ രണ്ടോ പ്ലാവുണ്ടാകുമെന്ന്‌ മാത്രം. ചക്ക പറിച്ചുമാറ്റിയാൽ മലയോരമേഖലയിലെ ഭക്ഷണശീലത്തിൽ തന്നെ വലിയ മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നത്.

അതുപോലെ കാട്ടാനയിറങ്ങാനുള്ള മറ്റൊരു പ്രധാന കാരണമായി മന്ത്രി പറഞ്ഞത് പൈനാപ്പിളിന്റെ സാന്നിധ്യമാണ്‌. മലയോര മേഖലയിലെ റബർ റീ പ്ലാന്റ്‌ കാലയളവിൽ ഇടവിളയായി ചെയ്യുന്ന പ്രധാനകൃഷിയാണ്‌ പൈനാപ്പിൾ. തോട്ടങ്ങൾ പൈനാപ്പിൾ കൃഷിക്കായി വിട്ടുനൽകിയാൽ റീ പ്ലാന്റ്‌ ചെയ്യുന്ന സമയത്തുണ്ടാകുന്ന ലക്ഷക്കണക്കിന് രൂപയുടെ ചെലവിൽനിന്ന്‌ റബർ കർഷകർ മോചിതരാകും. വിലയിടിവുമൂലം നട്ടംതിരിയുന്ന റബർ കർഷകർക്ക് ഇത്‌ വലിയൊരു അനുഗ്രഹമായിരുന്നു. ഇത്തരത്തിൽ പൈനാപ്പിൾ കൃഷി കൂടി ഇല്ലായിരുന്നുവെങ്കിൽ മിക്ക റബർതോട്ടങ്ങളും ഇന്ന് വനമായി മാറിയേനെ. പൈനാപ്പിൾ പാകമായാൽ മാത്രമേ അതിന് വിപണിയുള്ളൂ. ചക്കയേക്കാൾ ദൂരേക്ക് ഇവയുടെ ഗന്ധം എത്തും. പൈനാപ്പിൾ എങ്ങനെ വിളവെത്തുംമുമ്പേ പറിച്ചുമാറ്റാനാകുമെന്നും വിമർശമുയരുന്നു. കൂടാതെ മലയോരമേഖലയിലെ പ്രധാനകൃഷികളായ വാഴ, തെങ്ങ്, കവുങ്ങ്‌ എന്നിവയെല്ലാം ആനകളുടെ ഇഷ്‌ടഭക്ഷണമാണ്. ഇവയെല്ലാം ഒഴിച്ചുമാറ്റി തങ്ങൾ എന്ത്‌ കൃഷി ചെയ്യണമെന്നാണ്‌ സർക്കാർ പറയുന്നത്‌– കർഷകർ ചോദിക്കുന്നു.

Highlights: കടുവ ഇറങ്ങുന്നത് ചക്ക തിന്നാനാണോയെന്ന്‌ കർഷകർ




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home