ad
Deshabhimani

അവരുടെ ജീവന്‌ വിലയില്ലേ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 25, 2026, 12:05 AM | 1 min read

റാന്നി

ജില്ലയിൽ അടിക്കടിയുണ്ടാകുന്ന വന്യജീവി ആക്രമണം തടയാൻ ഫണ്ടോ കാര്യമായ നിർദേശങ്ങളോ ഇല്ലാത്ത സംസ്ഥാന ബജറ്റിൽ നിരാശരായി മലയോര ജനത. മനുഷ്യജീവനും കൃഷിക്കും ആപത്തായ സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ ബജറ്റിൽ അവർ പ്രതീക്ഷ അർപ്പിച്ചിരുന്നു. എന്നാൽ എൽഡിഎഫ്‌ സർക്കാർ തുടർന്നുവന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ തുടർച്ചയുണ്ടായില്ലെന്ന് മാത്രമല്ല കാര്യമായ ഒരു പദ്ധതിയും ബജറ്റിൽ ഇടംകണ്ടില്ല.

ജില്ലയിൽ ഏറ്റവുമധികം വന്യമൃഗ ആക്രമണം നേരിടുന്ന മേഖലകളിലൊന്ന് റാന്നിയാണ്. താലൂക്കിലെ വടശേരിക്കര പഞ്ചായത്തിൽ ഉൾപ്പെട്ട മണിയാർ, അരീക്കക്കാവ്, പേഴുംപാറ, ഒളികല്ല്, കുമ്പളത്താമൺ, മുക്കുഴി എന്നീ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാണ്. ആനകൾ കൂട്ടത്തോടെയിറങ്ങിയാണ് കൃഷി നശിപ്പിക്കുന്നത്. പ്രധാന പട്ടണമായ വടശേരിക്കരയുടെ 50 മീറ്റർ വരെയടുത്ത് കാട്ടാനകൾ എത്താൻ തുടങ്ങിയത്‌ മനുഷ്യജീവനുതന്നെ വലിയ ഭീഷണിയുയർത്തുന്നു. മണിയാർ, കുമ്പളത്താമൺ, മുക്കുഴി മേഖലകളിൽ കടുവയുടെ സാന്നിധ്യവുമുണ്ടായിട്ടുണ്ട്. പെരുനാട് പഞ്ചായത്തിലെ തുലാപ്പള്ളി ഭാഗത്ത്‌ ഒരുവർഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇവിടെ പതിവായി ആനയിറങ്ങുന്നുണ്ട്‌. കാട്ടുപന്നിയുടെ സാന്നിധ്യമില്ലാത്ത ഒരു പ്രദേശം പോലും റാന്നിയിലില്ല. കർഷകർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു. കൃഷിയിടങ്ങൾ മിക്കവയും ഇന്ന്‌ കാടുപിടിച്ചു കിടക്കുകയാണ്. പ്രദേശത്ത്‌ കുരങ്ങിന്റെ ശല്യവും രൂക്ഷമായി. വനമേഖലയോട് ചേർന്നുള്ള ഭാഗങ്ങളും ഒരുതുണ്ട് വനഭൂമിയില്ലാത്ത റാന്നി പഞ്ചായത്തിലെ പുതുശേരി മലയിലും കുരങ്ങിന്റെ ശല്യം ജനങ്ങളെ പൊറുതിമുട്ടിച്ചിരിക്കുകയാണ്‌.

വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയുന്നതിന് വനമേഖലയിൽ കിടങ്ങും സോളാർവേലി ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഏർപ്പെടുത്തുക മാത്രമാണ് പോംവഴി. ഇതിന് സർക്കാരിന്റെ തുടർസഹായം ആവശ്യമാണ്‌. ഇ‍ൗ പ്രതീക്ഷയ്‌ക്കാണ്‌ തിരിച്ചടി നേരിട്ടത്‌.

Highlights: വന്യജീവി ആക്രമണം തടയാൻ ഫണ്ടോ കാര്യമായ നിർദേശങ്ങളോ സംസ്ഥാന ബജറ്റിലില്ല




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home