പെയ്‌തിറങ്ങി, അറിവിൻ വർഷം

തിരുവല്ല
പുലർച്ചെ തുടങ്ങിയ പെരുമഴയ്‌ക്ക് വിദ്യാർഥികളുടെ അറിവിൻ ആവേശത്തെ കെടുത്താനായില്ല. വിജ്‌ഞാനോത്സവം അവർക്ക് അത്രമേൽ പ്രിയപ്പെട്ടതും ഒഴിച്ചുകൂടാനാവാത്തതുമായിരുന്നു. അതിനുമുന്നിൽ കാലാവസ്ഥയ്‌ക്കുപോലും പ്രതികൂലമാകാൻ കഴിഞ്ഞില്ല. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് സീസൺ 15ന്റെ ജില്ലാ മത്സരം അത് ഓർമിപ്പിക്കുന്നതായി. അതേ, വിദ്യാർഥികളും രക്ഷിതാക്കളും ഇരുകൈയുംനീട്ടി സ്വീകരിച്ചു; അറിവുത്സവത്തെ.
11 ഉപജില്ലകളിൽനിന്നെത്തിയ മത്സരാർഥികളിൽ കണ്ടത് നാളെയുടെ പ്രതീക്ഷയാണ്. ഓരോ വിഭാഗത്തിലെയും ഒന്ന്, രണ്ട് സ്ഥാനക്കാർക്ക് മെഗാ ഇവന്റിൽ ക്യാഷ് പ്രൈസും മൊമെന്റോയും നൽകും. നവംബർ 10ന് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനും ഇവർ അർഹത നേടി.
ജില്ലാ മത്സരം തിരുവല്ല എംജിഎം ഹയർസെക്കൻഡറി സ്‌കൂളിൽ സബ് കലക്‌ടർ പാർവതി ഗോപകുമാർ ഉദ്‌ഘാടനം ചെയ്‌തു. പുതുതലമുറ നെഞ്ചേറ്റിയ ‘വാഴ 2' സിനിമയുടെ സംവിധായകൻ സവിൻ സാ മുഖ്യാതിഥിയായി. മുൻ എംഎൽഎ രാജു ഏബ്രഹാം അധ്യക്ഷനായി.
സംഘാടകസമിതി ചെയർമാർ ബിനിൽകുമാർ, അഡ്വ. ആർ സനൽകുമാർ, ഫ്രാൻസിസ് വി ആന്റണി, സി എൻ രാജേഷ്, പ്രമോദ് ഇളമൺ, ബി ഹരികുമാർ, ഡോ. ആർ വിജയമോഹൻ, അക്ഷരമുറ്റം യൂണിറ്റ് കോ–ഓർഡിനേറ്റർ വി എസ് ഷിബു, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ദീപ വിശ്വനാഥ്, പ്രസിഡന്റ് എ കെ പ്രകാശ്, ദേശാഭിമാനി പത്തനംതിട്ട ബ്യൂറോ ചീഫ് ആർ രാജേഷ്, അക്ഷരമുറ്റം ജില്ലാ കോ–ഓർഡിനേറ്റർ സുബിൻ ജോസഫ്, സംഘാടകസമിതി കൺവീനർ ടി എ റെജികുമാർ എന്നിവർ പങ്കെടുത്തു.
"ശാസ്‌ത്രം നിത്യജീവിതത്തിൽ' എന്ന വിഷയത്തിൽ നടന്ന സയൻസ് പാർലമെന്റ് ജില്ലാ സയൻസ് ക്ലബ് സെക്രട്ടറി വിദ്യ ജി നായർ നയിച്ചു. ‘നിർമിത ബുദ്ധി പുതുതലമുറയ്‌ക്ക് തുണയോ ഭീഷണിയോ?' എന്ന വിഷയത്തിൽ പ്രസംഗമത്സരവുമുണ്ടായി. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിനുള്ള ക്വിസ് മത്സരത്തിലും എച്ച്‌എസ്, എച്ച്‌എസ്‌എസ് വിദ്യാർഥികൾക്കുള്ള പ്രസംഗമത്സരത്തിലും സയൻസ് പാർലമെന്റിലുമായി ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്തു. രക്ഷിതാക്കൾക്കായി പ്രത്യേക ക്വിസ് മത്സരവുമുണ്ടായി.
വെൻകോബ് പ്രൈസ് സ്‌പോൺസറും ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്, ആംകോസ്, ജെഎൻ ലൈറ്റിങ്സ്, ധർമ്മപ്രിയ ഫിനാൻസ് എന്നിവരാണ് പരിപാടിയുടെ സഹപ്രായോജകർ.









0 comments