പ്രൗഢം ഇൗ തുടക്കം

സ്വന്തം ലേഖിക
Published on Sep 10, 2026, 12:05 AM | 1 min read
പത്തനംതിട്ട
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് 15–ാം സീസണ് തുടക്കംകുറിച്ചുള്ള സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം പ്രൗഢാഭമായി. പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിക്ക് സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ഒരുക്കിയ പരേഡ് വിളംബരം തീർത്തു. കുട്ടികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. സർക്കിൾ ഇൻസ്‌പെക്‌ടർ ജി അരുൺകുമാർ ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചു. വായിച്ചും അനുഭവിച്ചും സ്വായത്തമാക്കിയ അറിവിനെ വിലയിരുത്തുകയാണ് ഓരോ മത്സരങ്ങളെന്നും അതിൽ വിജയത്തിനല്ല പങ്കാളിത്തത്തിനാണ് പ്രാധാന്യമെന്ന് അദ്ദേഹം പറഞ്ഞു. ദിവസവും പുതിയ അറിവുമായാണ് ദിനപത്രങ്ങൾ നമുക്ക് മുന്നിലെത്തുക. കുട്ടികൾക്കായി ദേശാഭിമാനി ഒരുക്കുന്ന അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് അത്തരം അറിവുകളുടെ വിലയിരുത്തലാണ്. ഒന്നും രണ്ടും സ്ഥാനത്തിനായി മത്സരിക്കുക മാത്രമല്ല വേണ്ടത് ആത്മവിശ്വാസത്തോടെ സ്വയം വിലയിരുത്താനും മത്സരങ്ങളുടെ ഭാഗമാകണം. സംസ്ഥാനത്താകെ 14,000 സ്‌കൂളുകളിൽ ഒരേ സമയം ക്വിസ് മത്സരം സംഘടിപ്പിക്കുന്ന ദേശാഭിമാനിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ഹേമ മേരി മാത്യു അധ്യക്ഷയായി. ദേശാഭിമാനി അക്ഷരമുറ്റം അക്കാദമി കമ്മിറ്റി സെക്രട്ടറി ദീപ വിശ്വനാഥ്, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവംഗം പി ആർ പ്രസാദ്, മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ് ഷീജ കെ ബേബി, എ കെ ജി പാലിയേറ്റീവ് കെയർ സൊസൈറ്റി രക്ഷാധികാരി എം വി സഞ്‌ജു എന്നിവർ സംസാരിച്ചു. ദേശാഭിമാനി പത്തനംതിട്ട ബ്യൂറോ ചീഫ് ആർ രാജേഷ് സ്വാഗതവും അക്ഷരമുറ്റം ജില്ലാ കോർഡിനേറ്റർ സുബിൻ ജോസഫ് നന്ദിയും പറഞ്ഞു.










0 comments