"ചവിട്ടുപടിയായത്' അക്ഷരമുറ്റം

തിരുവല്ല
11 വർഷം മുമ്പ് അക്ഷരമുറ്റം മത്സരാർഥി, ഇന്ന് ഉദ്‌ഘാടക. 2015ൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് എച്ച്‌എസ്‌എസ് വിഭാഗത്തിൽ സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത ഓർമ പങ്കിട്ടപ്പോൾ സബ് കലക്‌ടർ പാർവതി ഗോപകുമാറിന് ആവേശമടക്കാനായില്ല. 2014ലും 15ലും അക്ഷരമുറ്റം ആലപ്പുഴ ജില്ലാ മത്സരത്തിൽ ഹയർസെക്കൻഡറി തലത്തിൽ പങ്കെടുത്ത പാർവതി 2015ൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.
അമ്പലപ്പുഴ ഗവ. മോഡൽ എച്ച്‌എസ്‌എസിൽ പഠിക്കുമ്പോഴായിരുന്നു മത്സരത്തിനെത്തിയത്. ജില്ലാ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി ലഭിച്ച പതിനായിരം രൂപ അന്നൊരു വലിയ തുകയായിരുന്നു. അതിൽ 5,000 രൂപ അച്ഛന് പലിശയ്‌ക്ക് കടംകൊടുത്തതും അവർ കുട്ടികളുമായി പങ്കിട്ടു.
തലച്ചോറിനെ കൂടുതൽ പ്രവർത്തിപ്പിക്കുന്ന ക്വിസ് മത്സരങ്ങൾ ഭാവിക്ക് ഗുണം ചെയ്യുമെന്ന് പാർവതി പറഞ്ഞു. അക്ഷരമുറ്റം തനിക്ക് അത്തരമൊരു ചവിട്ടുപടിയായിരുന്നു. സംസ്ഥാനതലത്തിൽ വിജയിക്കാനായില്ലെങ്കിലും അക്ഷരമുറ്റം ബ്രാൻഡ് അംബാസിഡറായ മോഹൻലാലിനെ കാണാനായത് മറക്കാനാകില്ലെന്നും പാർവതി ചിരിയോടെ ഓർത്തു. ഉദ്‌ഘാടനശേഷം എൽപി വിഭാഗം മത്സരവും കണ്ടശേഷമാണ് പാർവതി മടങ്ങിയത്.









0 comments