ad
Deshabhimani

തിളക്കമുള്ള ശബ്ദത്തിന്റെ അലയടി ഇനി ഓർമയിൽ

ആകാശവാണി... അടൂർ നിലയം

Photo

മാഞ്ഞു പോയ സെൻട്രൽ മൈതാനിയിലെ കിയോസ്ക്

വെബ് ഡെസ്ക്

Published on May 01, 2026, 12:05 AM | 1 min read

അടൂർ

ആകാശവാണി... അടൂർ നിലയം. തിളക്കമുള്ള ആ ശബ്ദത്തിന്റെ അലയടി ഇന്നും ഓർമയിൽ. അടൂർ ​ഗാന്ധിസ്മൃതി മൈതാനത്തിന്റെ കിഴക്കേ അതിരിൽ, സന്ധ്യാനേരങ്ങളിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തേക്കാൾ തിളക്കമുള്ള ഒരു ശബ്ദമുണ്ടായിരുന്നു. അതൊരു കെട്ടിടമായിരുന്നില്ല, ഒരു കാലഘട്ടത്തിന്റെ ഹൃദയമിടിപ്പായിരുന്നു. പഞ്ചായത്തിൽ നിന്നും ഉദ്യോഗസ്ഥൻ വന്ന് തടി ഫ്രെയിമിലുള്ള വലിയ വാൽവ് റേഡിയോ ഓണാക്കുമ്പോൾ, മൈതാനത്തിന് ചുറ്റും കാതുകൂർപ്പിച്ചു നിൽക്കുന്ന ഒരു വലിയ ജനക്കൂട്ടം ഉണ്ടാകും. കൃത്യം ആറു മണിക്ക് ഡൽഹിയിൽ നിന്നുള്ള വാർത്താ ബുള്ളറ്റിൻ തുടങ്ങും. ലോകം എങ്ങോട്ട് സഞ്ചരിക്കുന്നു എന്ന് ആ മൈതാനത്ത് കൂടിയിരുന്നവർ അറിഞ്ഞത് ആ കിയോസ്കിലൂടെ ആയിരുന്നു. ചലച്ചിത്ര ഗാനങ്ങളും നാടകഗാനങ്ങളും ആ കാറ്റിൽ അലിഞ്ഞു ചേരുമ്പോൾ, ഒരു പകലിന്റെ അധ്വാനഭാരം മുഴുവൻ മറന്ന് അവർ അവിടെ തങ്ങുമായിരുന്നു. കാലം മായ്ക്കാത്ത സ്മരണകളായി. 1990-കൾ വരെ ആ ശബ്ദം അവിടെയുണ്ടായിരുന്നു. പിന്നീട് നാട് 'സ്മാർട്ട്' ആയപ്പോൾ, റേഡിയോയും മൊബൈലും കീശയിലായപ്പോൾ ആ കിയോസ്ക് ഏകാന്തമായി. ഇപ്പോൾ ഗാന്ധിസ്മൃതി മൈതാനം നവീകരിക്കപ്പെടുന്നതിന്റെ ഭാഗമായി ആ പഴയ കെട്ടിടത്തിന്റെ അവസാന അടയാളവും മണ്ണോട് ചേർന്നു. പക്ഷേ, ആ മണ്ണിൽ ഇന്നും പഴയ പാട്ടുകളുടെ അലയൊലികൾ ബാക്കിയുണ്ട്. അതുകൊണ്ടാണ് പഴയ തലമുറ ഇന്നും ആഗ്രഹിക്കുന്നത് അവിടെ ഒരു സ്മാരകം വേണം. അത് വെറുമൊരു കല്ലും സിമന്റും ആയിരിക്കരുത്. നമ്മുടെ മുൻഗാമികൾ ലോകത്തെ കേട്ടിരുന്ന ആ ഇടത്തെക്കുറിച്ചുള്ള അറിവായിരിക്കണം. പഴയ ആ കിയോസ്കിന്റെ അതേ മാതൃകയിൽ ഒരു ‘റേഡിയോ സ്മാരകം' അവിടെ ഉയരണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home