ഇരുണ്ട ദിനത്തിന് 41 വയസ്

ലഫ്‌റ്റനന്റ് സൈമൺ ജോർജ്
ഷാഹീർ പ്രണവം
Published on May 17, 2026, 12:05 AM | 2 min read
കോന്നി
കൊക്കാത്തോട് വനത്തിൽ നാവികസേനയുടെ വിമാനം തകർന്ന് രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തിന് ഞായറാഴ്‌ച 41 വയസ്. കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുള്ള ഐഎൻഎസ് ഗരുഡയിൽനിന്ന് പരിശീലന പറക്കലിനായി ഉയർന്നതായിരുന്നു ഐലൻഡർ ഇനത്തിൽപ്പെട്ട ബ്രിട്ടീഷ് നിർമിത ഇരട്ട എഞ്ചിൻ വിമാനം. 1985 മെയ് 17ന് വൈകിട്ട് ആറരയോടെ ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ അതിർത്തിയിലെ വനമേഖലയ്‌ക്ക് മുകളിലൂടെ തമിഴ്‌നാട്ടിൽ പ്രവേശിച്ച് തൂത്തുക്കുടി, കന്യാകുമാരി വ്യോമപാത ചുറ്റി തിരികെ കൊച്ചിയിലെത്തുകയായിരുന്നു ലക്ഷ്യം.
ഈസ്റ്റേൺ എയർ കമാൻഡിങ് ഓഫീസറായിരുന്ന എയർവൈസ് മാർഷൽ തിരുവല്ല പൈനംമുട്ടിൽ പി എസ് ജോർജിന്റെ മകൻ ലഫ്റ്റനന്റ് സൈമൺ ജോർജ്, കൊച്ചിയിലെ ലഫ്റ്റനന്റ് പി ബി ജോസ് എന്നിവരാണ് വിമാനം പറത്തിയിരുന്നത്. കനത്ത മഴയെ അവഗണിച്ച് വിമാനം ഉയരങ്ങളിലേക്ക് പറന്നു. കക്കി വനത്തിനുമീതെ പറക്കുമ്പോൾ രാത്രി 7.18ന് വിമാനത്തിൽ നിന്നുള്ള സന്ദേശങ്ങൾ നിലച്ചു.
രാത്രി വൈകിയതോടെ വിമാനം തകർന്നുവെന്ന് സംശയമായി. തിരച്ചിൽ ആരംഭിച്ചെങ്കിലും കനത്ത മഴയും കാറ്റും രക്ഷാപ്രവർത്തനത്തിന് തടസമായി. പിറ്റേന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വനമേഖല കേന്ദ്രീകരിച്ച് പൊലീസിന്റെയും കരസേനയുടെയും രണ്ട് സംഘങ്ങൾ പശ്ചിമഘട്ട മലനിരകളിൽ തിരയാൻ തീരുമാനിച്ചു.
രണ്ടാഴ്ച കഴിഞ്ഞിട്ടും വിമാനം കണ്ടെത്താനാവാതെ വന്നതോടെ ആശങ്ക വർധിച്ചു. ദുർഘടമായ മലനിരകളും മഴയും വെല്ലുവിളി ഉയർത്തി. ഈ സമയത്താണ് ലെഫ്റ്റനന്റ് കമാൻഡർ ഐ പി സിങ്ങിന്റെ നേതൃത്വത്തിൽ കരസേനയുടെ അടുത്ത സംഘം വനത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചത്.
നാലാം ദിവസം കൊക്കാത്തോട് കോട്ടാംപാറയ്ക്ക് വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന കോന്നി- – റാന്നി വനം ഡിവിഷനുകളുടെ അതിർത്തി പങ്കിടുന്ന മൈലക്കല്ല് മലയുടെ അടിവാരത്ത് ഏതാനും മരങ്ങൾ ഒടിഞ്ഞുകിടക്കുന്നതിനെക്കുറിച്ച് തിരച്ചിൽ സംഘത്തിന് സന്ദേശം ലഭിച്ചു.
ഇവിടെയെത്തിയ കരസേനാംഗങ്ങൾക്ക് കാണാനായത് ചിതറിത്തെറിച്ച വിമാനവും രണ്ട് മൃതദേഹങ്ങളുമായിരുന്നു. ഏറെ പണിപ്പെട്ടാണ് അന്ന് മൃതദേഹാവശിഷ്‌ടങ്ങൾ പുറത്തെത്തിച്ചത്.
മരണമൊരുക്കിയത് മഴയും മഞ്ഞും
കനത്ത മഴയും മഞ്ഞും കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായത്. രക്ഷാപ്രവർത്തനങ്ങൾക്കും ഇത് തടസമായി. ഹെലികോപ്ടറിന്റെ സഹായത്തോടെ നിരീക്ഷണം നടത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉൾവനത്തിൽനിന്ന് പുറത്തേക്ക് എത്തിക്കാൻ സാധിക്കാത്തതിനാൽ വിമാന അവശിഷ്ടങ്ങൾ ഇപ്പോഴും അപകടസ്ഥലത്തുണ്ട്.
മരിച്ചത് നാവികസേന ഉദ്യോഗസ്ഥരായ തിരുവല്ല സ്വദേശി ലഫ്റ്റനന്റ് സൈമൺ ജോർജ്, കൊച്ചി സ്വദേശി ലഫ്റ്റനൻ്റ് പി ബി ജോസ് എന്നിവരാണ്. മൃതദേഹങ്ങൾ കണ്ടെത്തിയത് 17 ദിവസങ്ങൾക്കുശേഷം.










0 comments