തുലാപ്പള്ളിയിൽ ഫയർ എൻജിൻ മറിഞ്ഞു
അപകടകാരണം ബ്രേക്ക് നഷ്ടപ്പെട്ടത്

ചിറ്റാർ
ശബരിമല നട തുറന്നതിനാൽ പതിവിലും തിരക്കുണ്ടായിരുന്ന പമ്പാവാലി ആലപ്പാട്ടുപടിയിൽ ശനിയാഴ്‌ചയുണ്ടായ വാഹനാപകടത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ. ശനിയാഴ്‌ച ഉച്ചയ്ക്ക് തുലാപ്പള്ളി ഭാഗത്തുനിന്നും കുത്തിറക്കം ഇറങ്ങിവന്ന അഗ്‌നിരക്ഷാസേനയുടെ വാഹനം നിയന്ത്രണം വിട്ടതിനെ തുടർന്നാണ് ആലപ്പാട്ടുപടിയിൽ അപകടമുണ്ടായത്.
അഗ്‌നിരക്ഷാസേന വാഹനം തൊട്ടുമുന്നിൽ സഞ്ചരിച്ച വനംവകുപ്പിന്റെ ജീപ്പിലിടിച്ചശേഷം ആലപ്പാട്ടുപടിയിൽ നിർത്തിയിട്ടിരുന്ന ആറ് വാഹനങ്ങളിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന ഒരു ബൊലേറോ ബസിന്റെയും അഗ്‌നിരക്ഷാസേന വാഹനത്തിന്റെയും ഇടയിൽ ഞെരിഞ്ഞമർന്നു.
ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് ആലപ്പാട്ട് കവലയിൽ റോഡുവക്കിൽ നിർത്തിയിട്ടിരുന്നത്.
ഈ വാഹനങ്ങളിൽ വന്ന തീർഥാടകർ ഉച്ചഭക്ഷണം കഴിക്കാൻ സമീപത്തെ കടകളിലേക്ക് പോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
പ്ലാപ്പള്ളി – ആലപ്പാട്ടുപടി മൂന്നരകിലോമീറ്റർ ദൂരമുള്ള റോഡാണ്. റോഡിന്റെ ആലപ്പാട്ടുപടിയോട് അടുക്കുന്ന ഒരു കിലോമീറ്ററിലധികം ദൂരം കുത്തിറക്കമാണ്. ഇവിടെ വാഹനാപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
കുത്തിറക്കത്തിൽ ഫയർഫോഴ്സ് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. സംഭവത്തിൽ ആറ് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർക്കും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനും പരിക്കുണ്ട്.











0 comments