കുടുംബത്തേക്ക് തിരികെ വന്നതുപോലെ: പാർവതി ഗോപകുമാർ

തിരുവല്ല
അക്ഷരമുറ്റം ജില്ലാ മത്സരത്തിലേക്കെത്തിയപ്പോൾ തിരിച്ച് കുടുംബത്തേക്ക് വന്നതുപോലെയെന്ന് ഉദ്‌ഘാടകയായ തിരുവല്ല സബ് കലക്‌ടർ പാർവതി ഗോപകുമാർ പറഞ്ഞു. ഇവിടം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അക്ഷരമുറ്റം മത്സരവിജയിയായ എന്നെപ്പോലെ നാളെ നിങ്ങളിൽ ഓരോരുത്തർക്കും ഇൗ വേദിയിലെത്തി മത്സരം ഉദ്‌ഘാടനം ചെയ്യാൻ അവസരം കിട്ടട്ടേയെന്ന് പാർവതി ആശംസിച്ചു.
2014ലും 15ലും അക്ഷരമുറ്റം ആലപ്പുഴ ജില്ലാ മത്സരത്തിൽ ഹയർസെക്കൻഡറി തലത്തിൽ പങ്കെടുത്തിട്ടുണ്ട്. മനപാഠമാക്കുന്ന പഠനരീതിയോട് ഒരിക്കലും താൽപര്യമില്ല. ചുറ്റുപാടുമുള്ളത് മനസിലാക്കി അറിഞ്ഞ് പഠിക്കണം. ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് പഠിക്കുന്നവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് എങ്ങനെയെന്ന് അറിയാത്ത സ്ഥിതിയുണ്ട്.
മാർക്കും റാങ്കുകളുമല്ല സന്തോഷം നൽകുക. അതൊരു കായിക ഇനമാകാം, പാട്ട്‌പാടുന്നതാകാം, റീലാകാം. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും ഇക്കാലത്ത് പ്രധാനമാണ്. സന്തോഷം തരുന്നത് കണ്ടെത്താൻ നമ്മൾ ശ്രമിക്കണം.
വിജയത്തിന്റെ മാനദണ്ഡങ്ങൾ കഴിവും പരിശ്രമവും മാത്രമല്ല. നമ്മളേക്കാൾ കഴിവുള്ള നിരവധിയാളുകൾക്ക് നമ്മൾക്ക് കിട്ടിയ ഇൗ അവസരങ്ങൾ ലഭിക്കാതിരുന്നതുകൊണ്ടുമാണ് വിജയം നമുക്കൊപ്പം നിന്നത്. അത്തരത്തിലുള്ളവരെ ചേർത്തുപിടിച്ച് ജീവിക്കാനാവട്ടെയെന്നും പാർവതി പറഞ്ഞു.








0 comments