സർക്കാർ സഹായമില്ല
വീണ്ടും വായ്‌പയെടുത്ത് കർഷകർ

വീണ്ടും കൃഷി ആരംഭിച്ച പരിപ്പ് പോട്ടേപ്പടവ് പാടശേഖരം
കോട്ടയം ജില്ലയിലെ കർഷകരോട് അവഗണന തുടർന്ന് സംസ്ഥാന സർക്കാർ. ആഗസ്‌തിലെ വെള്ളപ്പൊക്കത്തിൽ നശിച്ച വിളകൾക്ക് പ്രഖ്യാപിച്ച സഹായങ്ങൾ ലഭിക്കാത്തതിനെ തുടർന്ന്, വീണ്ടും കൃഷിയിറക്കിയിരിക്കുകയാണ് നെൽകർഷകർ. സർക്കാരിൽനിന്ന് അടിയന്തര സഹായം പോലും എത്താതായതോടെ, വീണ്ടും ബാങ്ക് വായ്പ എടുത്താണ് കൃഷി ആരംഭിച്ചത്. മുമ്പ് എടുത്ത വായ്പ തിരിച്ചടയ്ക്കാനാകാതെ നിൽക്കെയാണ് കൃഷിക്കായി പുതിയ വായ്പയെടുത്തത്. ഇതോടെ രണ്ട് വായ്പകൾ ഒരേസമയം അടച്ചുതീർക്കേണ്ട ഇരട്ടി സാമ്പത്തിക ബാധ്യതയിലാണ് കർഷകർ. ജില്ലയിലാകെ 1902.96 ഹെക്ടർ കൃഷിയാണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്. ആകെ 29.23 കോടിയുടെ നഷ്ടവുമുണ്ടായി. കടുത്തുരുത്തി, വൈക്കം, പള്ളം ബ്ലോക്കുകളിലാണ് കൂടുതൽനാശം. 1,631 ഹെക്‌ടർ നെൽ കൃഷിയും ആഗസ്‌തിൽ പെയ്‌ത മഴയിൽ നശിച്ചു. നാശങ്ങളുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് നേരത്തെ നൽകിയിട്ടും നടപടിയില്ല. ഇതിനിടെ, കൃഷിനാശം വീണ്ടും കണക്കാക്കാനെന്ന പേരിൽ സ്പെഷ്യൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകിയിരുന്നു. സമിതി റിപ്പോർട്ടും സമർപ്പിച്ചതിനെ തുടർന്ന് നെല്ല‍്, തെങ്ങ്, കാപ്പി, കുരുമുളക് തുടങ്ങിയ ചില വിളകൾ മാത്രമാണ് കർഷകർക്ക് ലഭ്യമാക്കിയത്. എന്നാൽ, നെൽവിത്ത് പൂർണമായി ലഭിച്ചില്ലെന്നും കർഷകർ പറഞ്ഞു. കല്ലറ, വെച്ചൂർ, തലയാഴം, അയ്‌മനം, ആർപ്പൂക്കര, കുമരകം, നീണ്ടൂർ എന്നിവിടങ്ങളിലാണ് നെൽകൃഷി കൂടുതലായി നശിച്ചത്. സർക്കാർ സഹായം ലഭിച്ചാൽ കൃഷി വീണ്ടും തുടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. അടിയന്തര സഹായത്തിനായുള്ള കാത്തിരിപ്പ് ഒടുവിൽ നിരാശയായി മാറി.









0 comments