പണംതട്ടിപ്പ്: രണ്ടുപേർ പിടിയിൽ

പണംതട്ടിപ്പ്: രണ്ടുപേർ പിടിയിൽ
പത്തനംതിട്ട
പണംതട്ടിപ്പ് കേസിൽ രണ്ടുപേരെ കൊടുമൺ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കായംകുളം ചേരാവള്ളി ചങ്കഴിത്തറ വടക്കേത്തിൽ ആദിത്യൻ മധു (22), തെക്കേക്കര കുറത്തികാട് വടക്കേടത്ത് വീട്ടിൽ വി എസ് അമൽ (22) എന്നിവരാണ് അറസ്‌റ്റിലായത്. പരാതിക്കാരന്റെ സ്വർണപ്പണയ സ്ഥാപനത്തിൽ പ്രതികൾ അഞ്ചുലക്ഷം രൂപയ്‌ക്ക് സ്വർണം പണയംവച്ചിരുന്നു. തുടർന്ന് അടുത്തദിവസം അഞ്ചുലക്ഷം രൂപ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. എന്നാൽ തമിഴ്‌നാട്ടിൽ രജിസ്‌റ്റർ ചെയ്‌ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പണമായിരുന്നു അക്കൗണ്ടിലിട്ടത്. സാമ്പത്തികതട്ടിപ്പിലൂടെ ലഭിച്ച പണം കൈമാറ്റം ചെയ്യുന്നതിലെ ഇടനിലക്കാരനായി പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടും ഉൾപ്പെടുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്‌തു. ഇത് പരാതിക്കാരന് സാമ്പത്തിക നഷ്‌ടവും ബുദ്ധിമുട്ടുകളുമുണ്ടാക്കിയെന്നാണ് കേസ്. പ്രതികളെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു.
പന്തളം സിഐ ബാബുകുറുപ്പിന്റെ നേതൃത്വത്തിൽ എസ്‌എച്ച്‌ഒ ഷിജു പി സാം, സീനീയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ് ഗീവർഗീസ്, അമീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.








0 comments