Deshabhimani

യുവാവിന്‌ ആൾക്കൂട്ട മർദനം

8 പേർക്കെതിരെ കേസെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2026, 02:00 AM | 1 min read


കൊല്ലങ്കോട്

മുതലമട ഗോവിന്ദാപുരത്ത്‌ ഉത്സവപ്പറമ്പിൽ യുവാവിനെ ആൾക്കൂട്ടം സംഘം ചേർന്ന്‌ മർദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാനാവാതെ പൊലീസ്‌. സംഭവത്തിൽ മുതലമട പരുത്തിക്കാട് സ്വദേശി വിവേക്, മുതലമട എം പൂത്തൂർ സ്വദേശി അശ്വിൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയുമാണ്‌ പൊലീസ്‌ കേസെടുത്തത്‌. അയ്യപ്പൻവിളക്ക് ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് നെന്മാറ സ്വദേശി നിഥുൽ ദാസി(18)നെയാണ്‌ തട്ടിക്കൊണ്ടുപോയി മർദിച്ചത്‌. ഗുരുതര പരിക്കേറ്റ നിഥുൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന്‌ ദിവസംമുമ്പ് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം അയ്യപ്പൻവിളക്ക് ഉത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു നിഥുൽ. ഉത്സവപ്പറമ്പിൽവച്ച് നിഥുലിന്റെ സുഹൃത്തുക്കളും മറ്റൊരു സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് തർക്കം പരിഹരിച്ചു. തുടർന്ന് നിഥുൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ സംഘം പിന്തുടർന്നെത്തി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മരത്തടികളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. തുടർന്ന്‌ അക്രമികൾതന്നെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വീട്ടിൽ ഇറക്കിവിട്ടു. സംഭവം പുറത്തുപറയുകയോ പൊലീസിൽ പരാതിപ്പെടുകയോ ചെയ്താൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ മർദനവിവരം നിഥുൽ വീട്ടുകാരിൽനിന്ന് മറച്ചുവച്ചു. ആരോഗ്യനില വഷളായതോടെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴാണ്‌ വിവരം പുറത്തറിഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home