ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു
തുറക്കല്ലേ വ്യാജലിങ്കുകൾ

കോട്ടയം ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടയ്ക്കാനെന്ന പേരിൽ വ്യാജ ഇ ചെല്ലാൻ സന്ദേശങ്ങളയച്ച് പണംതട്ടുന്ന സൈബർ തട്ടിപ്പുസംഘങ്ങൾ ജില്ലയിൽ സജീവം. കഴിഞ്ഞ ദിവസം പാലായിലെ ജിം ട്രെയിനറായ പൂവരണി തെക്കേതിൽ ജറിൻ ജോസിന്റെ അക്കൗണ്ടിൽനിന്ന് 1.65 ലക്ഷം രൂപയാണ് തട്ടിയത്. ഹെൽമറ്റ് ധരിക്കാത്തതിന് പിഴ നൽകാൻ ആവശ്യപ്പെട്ട് വാട്‌സാപ്പിൽ വന്ന ലിങ്ക് തുറന്നതാണ് വിനയായത്. മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഔദ്യോഗിക അറിയിപ്പുകൾക്ക് സമാനമായ രീതിയിലാണ് വാട്‌സാപ്പിലും എസ്എംഎസായും ലിങ്കുകൾ അയക്കുന്നത്. ഹെൽമറ്റ് ധരിക്കാത്തതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും പിഴയുണ്ടെന്നും ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പറഞ്ഞുവരുന്ന ലിങ്കിൽ കയറി പണമടയ്ക്കാൻ ശ്രമിക്കുന്നവർ തട്ടിപ്പിനിരയാകുന്നു. ശ്രദ്ധിക്കാം • വാട്‌സാപ്, എസ്എംഎസ്, ഇ മെയിൽ വഴി വരുന്ന വാഹന പിഴ, സമ്മാനങ്ങൾ, ലോൺ, കെവൈസി അപ്‌ഡേറ്റ് തുടങ്ങിയ വ്യാജസന്ദേശ ലിങ്കുകൾ തുറക്കരുത്. • ലിങ്ക് വഴി തുറക്കുന്ന പേജിൽ ബാങ്ക് വിവരങ്ങളോ, എടിഎം പിൻ നമ്പറോ, ഒടിപിയോ നൽകരുത്. • ഗൂഗിൾ പ്ലേ, അല്ലെങ്കിൽ ആപ്പിൾ സ്റ്റോർ വഴി അല്ലാതെ വരുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. ജാഗ്രത ഇ ചലാൻ സംബന്ധിച്ച് കാർ ഇൻഫോ, വെഹിക്കിൾ ഇൻഫോ തുടങ്ങിയ ഐഡികളിൽനിന്നും മോബൈൽ നമ്പറുകളിൽനിന്നും വരുന്ന മെസേജുകളിൽ കാണുന്ന ലിങ്ക് തുറക്കരുത്. ചലാൻ വിവരങ്ങൾ അറിയാൻ https://echallan.parivahan.nic.in/challan/challan-services സൈറ്റിൽ മാത്രം പരിശോധിക്കുക. ലിങ്ക് തുറന്നാൽ • ഫോണിന്റെ ഇന്റർനെറ്റ് (മൊബൈൽ ഡാറ്റ / വൈഫൈ) ഓഫ് ചെയ്യുക. • ബാങ്ക് വിവരങ്ങളോ ഒടിപിയോ നൽകിയെങ്കിൽ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട്/കാർഡ് ബ്ലോക്ക് ചെയ്യുക. • ഏതെങ്കിലും ആപ് ഡൗൺലോഡ് ആയിട്ടുണ്ടെങ്കിൽ അൺ ഇൻസ്റ്റാൾ ചെയ്യുക. • പണം നഷ്ടപ്പെട്ടാൽ ഉടൻ ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിളിക്കുകയോ cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി നൽകുകയോ ചെയ്യുക. • വാട്സാപ്പിലെ ലിങ്ക്ഡ് ഡിവൈസസ് പരിശോധിച്ച് പരിചയമില്ലാത്തവയുണ്ടങ്കിൽ ലോഗൗട്ട് ചെയ്യണം.









0 comments