Deshabhimani

ടേക്ക്‌ ഓവർ സർവീസ്‌ റദ്ദാക്കിയതിൽ പരാതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2026, 02:06 AM | 1 min read

പാലാ ടേക്ക്‌ ഓവർ സർവീസുകൾ ഉൾപ്പെടെ കെഎസ്‌ആർടിസി പാലാ ഡിപ്പോയിൽനിന്ന്‌ 14 സർവീസുകൾ റദ്ദാക്കിയ ഡിപ്പോ അധികൃതർക്ക്‌ എതിരെ പരാതിയുമായി ഉപഭോക്തൃസംഘടന. കെഎസ്‌ആർടിസിയെ നിയമക്കുരുക്കിലാക്കിയ ഡിപ്പോ അധികൃതർ, റദ്ദാക്കിയ സർവീസുകൾ പുനക്രമീകരിക്കാൻ പകരം ബസുകളെത്തിക്കാൻ നെട്ടോട്ടത്തിലാണ്‌. റദ്ദാക്കിയ ദീർഘദൂര സർവീസുകൾ പുനക്രമീകരിക്കാൻ മൂന്ന്‌ ബസുകൾ അധികൃതർ ഡിപ്പോയിലെത്തിച്ചു. ഇതോടെ മൂന്ന്‌ ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് പെരുമ്പാവൂർ ഉൾപ്പെടെയുള്ളിടങ്ങളിൽനിന്ന്‌ എത്തിച്ചത്. ഇതോടെ റദ്ദാക്കിയവയിൽ മൂന്ന്‌ സർവീസുകൾകൂടി പുനരാരംഭിച്ചേക്കും. രാവിലെ 6.10 കൊല്ലം, രാവിലെ എട്ട്‌ കോഴിക്കോട് തുടങ്ങിയ സർവീസുകൾ തുടങ്ങണമെന്നാണ് യാത്രക്കാരുടെയും സംഘടനകളുടെയും ആവശ്യം. സ്വകാര്യ ഓപ്പറേറ്റർമാരിൽനിന്ന്‌ കോർപ്പറേഷൻ നിയമപോരാട്ടം നടത്തി ഏറ്റെടുത്ത ടേക്ക് ഓവർ സർവീസുകൾ ഉൾപ്പെടെ കൂട്ടത്തോടെ റദ്ദാക്കിയതാണ്‌ ട്രാൻസ്പോർട്ട് കോർപറേഷനെ നിയമപ്രശ്നത്തിലേക്കെത്തിച്ചത്‌. ഏറ്റെടുത്ത സർവീസുകൾ മുടങ്ങാതെ അയയ്‌ക്കാൻ കഴിയുന്നില്ലെങ്കിൽ ഉടൻ സ്വകാര്യ ഓപറേറ്റർമാർക്ക് തിരികെനൽകണമെന്ന ആവശ്യവുമായി പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനാണ്‌ രംഗത്തെത്തിയത്. 2013-ൽ ഏറ്റെടുത്ത 12 സർവീസുകളാണ് പാലാ ഡിപ്പോയിയിലുള്ളത്. കോടതി ഉത്തരവ്‌ പ്രകാരം നിർബന്ധമായും ഓടിച്ചിരിക്കേണ്ട ബസുകൾ തുടർച്ചയായി നിർത്തൽചെയ്ത നടപടി കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സംഘടന സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. ഏറ്റെടുത്ത സൂപ്പർ ക്ലാസ് ടേക്ക് ഓവർ സർവീസുകൾ ഉടൻ പുനരാരംഭിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. ഇതിനിടെ നിർബന്ധമായും ഓടിച്ചിരിക്കേണ്ട സർവീസുകൾ ഉൾപ്പെടെ റദ്ദാക്കിയ പാലാ ഡിപ്പോ അധികൃതരുടെ നടപടി നിയമപ്രശ്നമായി മാറിയതോടെ കോർപ്പറേഷൻ ഡിപ്പോ അധികാരികൾക്കെതിരെ അന്വേഷണം തുടങ്ങി. റദ്ദാക്കിയ കണ്ണൂർ സൂപ്പർഫാസ്‌റ്റ്‌ സർവീസ് കഴിഞ്ഞദിവസം പുനരാരംഭിച്ചെങ്കിലും റിസർവേഷനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെതിരായ യാത്രക്കാരുടെ പരാതിയിൽ ബസ്‌ റിസർവേഷൻ ലിസ്‌റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home